Kerala Public Service Commision examination questions, online psc exam

History of Malayalam Language (മലയാളം)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about Malayalam previous questions including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

മലയാളഭാഷയും സാഹിത്യവും.-നൂറ്റാണ്ടുകളിലൂടെ

Part-14.(Part-12, Part-13, Part-14, Part-15 -എന്ന് നാലു്‌ ലേഖനങ്ങൾ)

കേരളവർമ്മപ്രസ്ഥാനം.

കൊടുങ്ങല്ലൂർ കോവിലകം കേന്ദ്രമാക്കി "വെൺമണിപ്രസ്ഥാനം" വളർന്നതിനൊപ്പം, കേരളവർമ്മവലിയ കോയിത്തമ്പുരാൻ, വിഷയഗൗരവവും പ്രൗഢമണിപ്രവാളവും ഒത്തിണങ്ങിയ കൃതികൾ പ്രസിദ്ധപ്പെടുത്തി. മണിപ്രവാളശാകുന്തളം ( വിവർത്തനം)1882-ലും മയൂരസന്ദേശം1894-ലും പ്രസിദ്ധീകരിച്ചു.ആയില്യം തിരുനാളിന്റെ അപ്രീതിക്കു്‌ പാത്രമായ കേരളവർമ്മവലിയ കോയിത്തമ്പുരാൻ, രാജ്യദ്രോഹക്കുറ്റത്തിനു്‌ ശിക്ഷിക്കപ്പെട്ടു. ശിക്ഷാകാലയളവിൽ ഹരിപ്പാട്ട് കൊട്ടാരത്തിൽ താമസിക്കുമ്പോൾ , ക്ഷേത്രദർശനത്തിനിടയിൽ ഹരിപ്പാടു്‌ ക്ഷേത്രത്തിലെ മയിലിനെ കണ്ടു്‌ , മയിലിന്റെകൈവശം ഒരു സന്ദേശം ഭാര്യയ്ക്കു്‌ അയയ്ക്കുന്ന തായി സങ്കല്പിച്ചു്‌ എഴുതിയ കൃതിയാണു്‌ മയൂരസന്ദേശം. ദൈവയോഗം(1909), അന്യാപദേശശതകം(വിവർത്തനം), മഹച്ചരിത സംഗ്രഹം, അക്ബർ (ഗദ്യം' നോവൽ,ഇംഗ്ലീഷിൽനിന്നും വിവർത്തനം)സന്മാർഗ്ഗപ്രദീപം (1939), വിജ്ഞാനമഞ്ജരി (1932/ഗദ്യകൃതികൾ)എന്നിവ മറ്റു്‌ കൃതികൾ. കേരളവർമ്മയുടെ "മണിപ്രവാളശാകുന്തളം" ,കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിന്റെ വിവർത്തനമാണു്‌. പ്രൗഢമണിപ്രവാളത്തിലാണു്‌ തർജ്ജമ. ആദ്യമായി മലയാളത്തിൽ നടത്തിയ തർജ്ജമ യാണിതു്‌.അതുകൊണ്ടാണു്‌, അദ്ദേഹം "കേരളകാളിദാസൻ " എന്നറിയപ്പെട്ടതു്‌. (ഏ.ആറിന്റെ വിവർത്തനം "മലയാളശാകുന്തളം". സംസ്കൃതപദങ്ങൾ ഒഴിവാക്കിയുളള മലയാളവിവർത്തനമാണു്‌..) പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷൻ (1868)എന്നനിലയിൽ ഗദ്യപാഠങ്ങളും അദ്ദേഹം സ്വയം രചിച്ചു. ഇംഗ്ലീഷ്, സംസ്കൃതം,മലയാളം എന്നീഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു .

ഇംഗ്ലീഷു്‌ സാഹിത്യത്തിൽ വേർഡ്സ്‌ വർത്തും കോൾറിഡ്ജും കൂടി 1798-ൽ "Lyrical Ballards" പ്രസിദ്ധീകരിച്ചതുമുതൽ ആരംഭിച്ച കാല്പനികപ്രസ്ഥാനത്തിന്റെ യാതൊരു സ്വാധീനവും വെൺമണിക്കവികളിലോ കേരളവർമ്മയിലോ പ്രകടമായില്ല

കേരളവർമ്മയുടെ ഭാഗിനേയനും ഇംഗ്ലീഷു്‌, സംസ്കൃതം മലയാളം ഭാഷകളിൽ ഒന്നുപോലെ നിഷ്ണാതനുമായ ഏ. ആർ.രാജരാജവർമ്മ ഇവരിൽ നിന്നും വ്യത്യസ്തനായിരുന്നു. നവീനകവിതാസരണി(കാല്പനീകകവിത)യെപ്പറ്റി ബോധവാനായിരുന്ന അദ്ദേഹം കേരളവർമ്മയുടെ പാരമ്പര്യം ആദരിച്ചുകൊണ്ടു്‌ തന്നെ കാല്പനികതയോടുളള ആഭിമുഖ്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. 1902ൽ പ്രസിദ്ധീകരിച്ച "മലയവിലാസം"(ഖണ്ഡകാവ്യം) കാല്പനികകവിതയുടെ തുടക്കമാണു്‌ . നളിനിയുടെ അവതാരികയിൽ അതിലെ "നവീനകാവ്യശൈലി"കണ്ടെത്താൻകഴിഞ്ഞതും" ഇതുകൊണ്ടാണു്‌. സംസ്കൃതഭാഷയുടെ ആധികാരിക വ്യാകരണമാണു്‌ 'അഷ്ടാദ്ധ്യായി' എന്ന "പാണനീയം". പാണിനി എന്ന മഹർഷിയാണു്‌ രചയിതാവു്‌. മലയാളഭാഷയുടെ ആധികാരികമായ വ്യാകരണകൃതിയാണു്‌ ഏ.ആർ. രാജരാജവർമ്മയുടെ "കേരളപാണിനീയം"(1896/പരിഷ്കരിച്ചപതിപ്പു്‌1917-ൽ. ) ഈ ഗ്രന്ഥരചനമൂലം "കേരളപാണിനി"( "അഭിനവ പാണിനി") എന്നു്‌ ഏ. ആറിനൊരു വിളിപ്പേരുണ്ടായി. "ഭാഷാഭൂഷണം"(1902), കാവ്യാലങ്കാരങ്ങൾ, കാവ്യദോഷങ്ങൾ കാവ്യഗുണങ്ങൾ എന്നിവയുടെ ലക്ഷ്യലക്ഷണങ്ങൾ വർണ്ണിക്കുന്നു. "വൃത്തമഞ്ജരി"(1907)യാകട്ടെ ഛന്ദശാസ്ത്രമാണു്‌.(വൃത്തം). ഇന്നും മലയാളത്തിന്റെ ആധികാരികമായ വ്യാകരണം "കേരളപാണിനീയം" തന്നെ. പ്രഥമവ്യാകരണം,മധ്യമ വ്യാകരണം ,സാഹിത്യസാഹ്യം, ശബ്ദശോധിനി എന്നിവ കുട്ടികൾക്കു്‌ വേണ്ടിയുളളതാണു്‌.

"മലയവിലാസം" (ഖണ്ഡകാവ്യം,1902) കാല്പനികതയുടെ തുടക്കംകുറിച്ച , അദ്ദേഹത്തിന്റെ സ്വതന്ത്ര കൃതിയാണു്‌ . ഭാസന്റെ സ്വപ്ന വാസവദത്തം, കാളിദാസന്റെ അഭിജ്ഞാനശാകുന്തളം ,മാളവികാഗ്നിമിത്രം, ഭാഷാകുമാരസംഭവം, മേഘസന്ദേശം എന്നിവ വിവർത്തനം ചെയ്തു. "പ്രബന്ധസംഗ്രഹം " അദ്ദേഹത്തിന്റെ ഉപന്യാസസമാഹാരമാണു്‌. അദ്ദേഹം ഒരു നല്ല വിമർശകൻ കൂടിയായിരുന്നു .'കാന്താരതാരകം' എന്ന നളചരിതവ്യാഖ്യാനവും , നളിനിയുടെ അവതാരികയും, പ്രാസവാദത്തിനിടയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളും, അതു്‌ തെളിയിക്കുന്നു. വിമർശകനെന്ന നിലയിൽ , അമ്മാവനോടുളള ആദരവു്‌ കാട്ടാനായി, "മയൂരസന്ദേശത്തിനു്‌ മേഘസന്ദേശത്തേക്കാൾ ഒരുമാറ്റു്‌ കൂടുകയില്ലയോ എന്നു്‌ മയൂരസന്ദേശത്തിന്റെ "മർമ്മപ്രകാശ"വ്യാഖ്യാനത്തിൽ സംശയിച്ചതു്‌ 'ക്ഷമിക്കത്തക്ക' ഒരു പോരായ്മയാണു്‌. മലയാളിക്കു്‌ മറക്കാൻ കഴിയാത്ത പ്രതിഭയാണു്‌ ഏ.ആർ. . അദ്ദേഹത്തിന്റെ മരണത്തിൽ അതീവദുഃഖിതനായ കുമാരനാശാൻ എഴുതിയ വിലാപമാണു്‌ "പ്രരോദനം". സവർണ്ണനായ തമ്പുരാന്റ സ്നേഹപൂർവ്വമായ പ്രോത്സാഹനം അവർണ്ണനായ ആശാനു്‌ വലിയ ആത്മവിശ്വാസം നല്കിയിരുന്നു.വിശേഷിച്ചും അയിത്തംനിലനിന്ന ആ കാലഘട്ടത്തിൽ. ആ നഷ്ടമാണു്‌ 'പ്രരോദന'ത്തിനു്‌ കാരണം.മാവേലിക്കരയിൽ ഏ. ആർ .പണിയിച്ച "ശാരദാമന്ദിരം" അദ്ദേഹത്തിന്റെ സ്മാരകമായി നലനിർത്തുന്നു. "ആരിവിടെയീ നഷ്ടത്തെ വീട്ടാനിനി?" എന്നു്‌ പ്രരോദനത്തിലെ ചോദ്യം അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ കൊത്തിവച്ചിട്ടുണ്ടു്‌ .

പ്രാസവാദം.

കേരളവർമ്മ , കവിതയിൽ "ദ്വിതിയാക്ഷരപ്രാസം" നിർബ്ബന്ധമായും നിലനിർത്തണമെന്ന അഭിപ്രായക്കാരനായിരുന്നു . രാമചരിതാദി "പാട്ടു്‌" കവിതകളിൽ 'എതുക'യായും കൃഷ്ണഗാഥയിലും ചമ്പുക്കളിലും കിളിപ്പാട്ടിലും തുളളലിലും മറ്റും ദ്വിതിയാക്ഷരപ്രാസമായും, പാദങ്ങളുടെ "രണ്ടാം"അക്ഷരമായി, (സംസ്കൃതവൃത്തത്തിലാണെങ്കിൽ നാലുവരിയിലും, ദ്രാവിഡവൃത്തത്തിലാണെങ്കിൽ രണ്ടുവരിയിലും, )ഒരേയക്ഷരം തന്നെ ആവർത്തിക്കുന്ന ശബ്ദാലങ്കാരമാണു്‌ , "ദ്വിതീയാക്ഷര പ്രാസം". കേരളവർമയുൾപ്പെടെയുളള കവികളെല്ലാം ഈ പ്രാസം സാമാന്യേന ദീക്ഷിച്ചിരുന്നു. കേരളവർമ്മയാകട്ടെ , "സജാതീയ ദ്വിതിയാക്ഷരപ്രാസം" തന്നെ വേണമെന്നപക്ഷക്കാരനുമായിരുന്നു. രണ്ടാം അക്ഷരം 'ക' ,ആ ണെങ്കിൽ നാലുവരിയിലും രണ്ടാം അക്ഷരം "ക" തന്നെവേണം, ' കാ' എന്നോ കി, അല്ലെങ്കിൽ 'കീ' എന്നീസ്വരവ്യത്യാസമുള്ള അക്ഷരമോ പാടില്ല .ഇതാണു്‌ "സജാതീയ ദ്വിതിയാക്ഷരപ്രാസം"കൊണ്ടുദ്ദേശിക്കുന്നതു്‌. ഏതോ ഒരു സാഹിത്യകാരൻ "കൃത്യകൃത്തു്‌" എന്ന കളളപ്പേരിൽ മലയാള മനോരമയിലെഴുതിയ ലേഖനം വിവാദത്തിനു്‌ തിരികൊളുത്തി. രണ്ടാം അക്ഷരത്തിനു്‌ മറ്റക്ഷരങ്ങളേക്കാൾ പ്രാധാന്യമില്ലെന്നും, പ്രാസ നിർബന്ധം മൂലം അർത്ഥം ബലികൊടുക്കണ്ടിവരുന്നെന്നും മറ്റും ആ ലേഖകൻ ചൂണ്ടിക്കാട്ടി. മറ്റൊരാൾ അതിനു്‌ മറുപടിയെഴുതി:- "ഈ പ്രാസത്തിന്റെ ശ്രവണസുഖം ബധിരന്മാർക്കു്‌ മനസ്സിലാകില്ലെന്നും പ്രാസം ദീക്ഷിക്കാൻ കഴിയാത്തവർ കവിതയെഴുത്തു്‌ നിറുത്തണമെന്നും".

കെ. സി. കേശവപിളളയുടെ യുണിവേഴ്സിറ്റി കോളേജിലെ പ്രഭാഷണത്തോടെ സാഹിത്യലോകം രണ്ടു ഭാഗമായി തിരിഞ്ഞു. കേരളവർമ്മ, നടുവത്തച്ഛൻ നമ്പൂതിരി, കുഞ്ഞിക്കുട്ടൻ തമ്പുരാൻ , ഉള്ളൂർ തുടങ്ങിയവർ പ്രാസത്തിനു്‌ അനുകൂലമായും, ഏ. ആർ, പുന്നശ്ശേരിനമ്പി, സി. അന്തപ്പായി, കെ.സി. കേശവപിള്ള എന്നിവർ എതിരായും ലേഖനങ്ങളെഴുതി.

പ്രാസാനുകൂലികളുടെ നേതൃത്വം കേരളവർമ്മയ്ക്കായിരുന്നു. അദ്ദേഹം, "സജാതീയദ്വിതിയാക്ഷരപ്രാസം ചേർപ്പതു്‌ കൈരളീമഹിളതൻ മംഗല്യമാണോർക്കണ"മെന്നു്‌ ഉദ്ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ പടത്തലവനായി ഉള്ളൂർ രംഗത്തിറങ്ങി. പ്രാസവിരോധികളുടെ നേതൃത്വം ഏ.ആർ .രാജരാജവർമ്മയ്ക്കായിരുന്നു. ശബ്ദാർത്ഥങ്ങളുടെ ഔചിത്യപൂർവ്വമായ യോജിപ്പാണാവശ്യമന്നും ശബ്ദത്തിനു്‌ വേണ്ടി അർത്ഥം ബലികൊടുക്കരുതെന്നും ("പ്രാസാദ്യാഭരണങ്ങൾ വാങ്ങുവതിനായർത്ഥം കളഞ്ഞീടൊലാ" ), കാവ്യം വ്യംഗ്യാത്മകമാകണമെന്നും ഏ.ആർ .അഭിപ്രായപ്പെട്ടു. ഏ.ആറിന്റെ പടനായകൻ കെ. സി. കേശവപിളള ആയിരുന്നു .

"സജാതീയ ദ്വിതിയാക്ഷരപ്രാസം " ചേർത്തു്‌, കേരളവർമ്മ വലിയകോയിത്തമ്പുരാൻ "മണിപ്രവാള ശാകുന്തളവും"(1882-ൽ) "മയൂരസന്ദേശവും " (1894-ൽ) എഴുതി. ഇതിനു്‌ മറുപടിയെന്നോണം, ഏ . ആർ . മേഘസന്ദേശം (1895-ലും) ഭാഷാകുമാരസംഭവം(1897-ലും ) പ്രാസമുപേക്ഷിച്ചു്‌ വിവർത്തനം ചെയ്തു. 1909-ൽ അന്യാപദേശ ശതകം പ്രാസദീക്ഷയോടെ കേരളവർമ്മ വിവർത്തനം ചെയ്തു. ഇതിന്റെ ആമുഖത്തിൽ , "പ്രാസരാഹിത്യം ലാളിത്യത്തിനു്‌ കാരണമാകുമെങ്കിൽ, അക്കാരണത്താൽ തന്നെ കൂടുതൽ ലളിതമായ ഭാഷാഗദ്യരചന നടത്തുന്നതായിരിക്കും (പ്രാസവിരോധികളായ) കവികൾക്കു്‌" നല്ലതെന്നു്‌ , ഒരു "കൊട്ടുകൊടുക്കാനും" കേരളവർമ്മവലിയ കോയിത്തമ്പുരാൻ മറന്നില്ല. സാഹിത്യപഞ്ചാനൻ പി.കെ. നാരായണപിള്ള, കുണ്ടൂർ നാരായണമേനോൻ, പന്തളം കേരളവർമ്മ ,വള്ളത്തോൾ എന്നിവർ കേരളവർമ്മയെ പിൻതാങ്ങി. അതോടെ യുദ്ധം മുറുകി. ഇരുഭാഗത്തുമുളള കവികൾ അനുരഞ്ജനത്തിനു്‌ , നേതൃത്വത്തെ പ്രേരിപ്പിച്ചു. ഏ. ആർ , കേരളവർമ്മയുമായി ആലോചിച്ചു്‌, ഒരു ഒത്തുതീർപ്പു്‌ ഉണ്ടാക്കി. അർത്ഥത്തിനു്‌ യോജിച്ചവാക്കുകളാണുപയോഗിക്കേണ്ടതെന്നും , അർത്ഥലോപംകൂടാതെ പ്രാസം ഉപയോഗിക്കുകയോ, അല്ലെങ്കിൽ വേണ്ടെന്നു്‌വയ്ക്കുകയോ ചെയ്യാമെന്നും , പ്രാസം ഇല്ലാത്തതുകൊണ്ടുമാത്രം കവിത മോശപ്പെട്ടതായി കാണരുതെന്നും, ഉള്ള മധ്യവർത്തി നയം ഇരുകൂട്ടരും അംഗീകരിച്ചു. അപ്രകാരം കേരളവർമ്മ "ദൈവയോഗം"എന്നകൃതി, പ്രാസദീക്ഷയില്ലാതെ എഴുതി. എങ്കിലും ഇരുകൂട്ടരും അവരവരുടെ വാദത്തിനനുസരിച്ചു്‌ കവിതകൾ പ്രസിദ്ധീകരിച്ചു. അങ്ങനെ ഉള്ളൂർ "ഉമാകേരളം" എന്ന മഹാകാവ്യമെഴുതി സജാതീയ ദ്വിതിയാക്ഷര പ്രാസത്തിന്റെ ഭംഗിയും മറ്റു്‌ ശബ്ദാലങ്കാരങ്ങളുടെ പ്രൗഢിയും തെളിയിച്ചു. മറുപടിയായി, കെ.സി. കേശവപിള്ള "കേശവീയം" മഹാകാവ്യമെഴുതി പ്രാസദീക്ഷയില്ലാതെ കവിത മനോഹരമാക്കാമെന്നു്‌ തെളിയിച്ചു.

കാല്പനികപൂർവ( പ്രിറൊമാന്റിക്) കാലം.

കാല്പനീകകാവ്യ വീക്ഷണമുളളവരും നിയോക്ലാസിക്കുകളും തമ്മിലുളള ആശയസംഘർഷമാണു്‌ പ്രാസവാദത്തിലൂടെ പുറത്തുവന്നതു്‌. കാല്പനികവീക്ഷണം നിഴലിക്കുന്ന ചില കൃതികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുറത്തുവന്നു. "മലയവിലാസം" (1902)ഏ.ആറിന്റെ മനോഹരമായ ലഘുകവിതയാണു്‌. തമിഴു്‌നാട്ടിൽ ക്കൂടി പടിഞ്ഞാറോട്ടു്‌ ട്രെയിനിൽ കേരളത്തിലേക്ക് വരുന്ന , ഏ ആറിന്റെ കവിമനസ്സിൽ സഹ്യപർവ്വത്തിന്റെ മനോഹരദൃശ്യം ഉണർത്തുന്ന വികാരങ്ങളാണു്‌ വിഷയം. "ഒരു വിലാപം" (1903) സി.എസ്സു്‌ സുബ്രഹ്മണ്യൻ പോറ്റിയുടെ കൃതിയാണു്‌ . മകളുടെ മരണം പിതാവിന്റെ മനസ്സിലുണർത്തിയ ദുഃഖമാണു്‌ ഇതിലെ വിഷയം. എം രാജരാജവർമ്മയുടെ "പ്രിയവിലാപം" ഇത്തരം മറ്റൊരുകൃതിയാണു്‌.

1907 -ൽ കുമാരനാശാൻ "വീണപൂവു്‌ " എന്ന ലക്ഷണമോത്ത കാല്പനിക കാവ്യം മിതവാദിയിൽ പ്രസിദ്ധീകരിച്ചു. വെറും 41 ശ്ലോകങ്ങൾ മാത്രമുളള , ഈ ഒരൊറ്റക്കൃതിതന്നെ ആശാനെ 'മഹാകവി'പട്ടത്തിനർഹനാക്കി. 1908-ൽ വി.സി. ബാലകൃഷ്ണപ്പണിക്കരുടെ "ഒരു വിലാപം" പുറത്തുവന്നു. കോളറ പിടിപെട്ടുമരിച്ച പ്രിയയുടെ വിയോഗത്തിൽ വിലപിക്കുന്ന യുവാവാണു്‌ കാവ്യവിഷയം. വി.സി.യുടെ പിതാവിന്റെ അനുഭവമാണു്‌ ഇതിലൂടെ ചിത്രീകരിച്ചതു്‌. അദ്ദേഹത്തിന്റെ "വിശ്വരൂപവും " കാല്പനിക കാവ്യമാണു്‌ . കെ.സി.കേശവപിളളയുടെ "ആസന്നമരണചിന്താശതകവും" ഇക്കൂട്ടത്തിൽപ്പെടുത്താം. ഇംഗ്ലീഷു്‌ സാഹിത്യത്തിലെ കാല്പനികകവിതകളുടെ സ്വാധീനഫലമായിട്ടാണു്‌ , മലയവിലാസം മുതലുളള കവിതകൾക്കു്‌ പ്രേരകമായ ഒരു നവീനകാവ്യ സംസ്ക്കാരം ഇവിടെ വളർന്നതു്‌. ഈ പശ്ചാത്തലത്തിൽ വേണം , പാരമ്പര്യ വാദികളുടെ പ്രാസഭ്രമത്തെ എതിർക്കാൻ ഏ. ആർ. തയ്യാറായതെന്നു്‌ കൂട്ടിവായിക്കണം.

ചോദ്യങ്ങളും ഉത്തരങ്ങളും

Question1:- മയൂരസന്ദേശത്തിന്റെ കർത്താവു്‌? ?


ഏ.ആർ.രാജരാജവർമ്മ.

കെ.സി.കേശവപിളള.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

ഉള്ളൂർ പരമേശ്വരയ്യർ..


കേരളവർമ്മ വലിയ കോയിത്തമ്പുരാൻ


Question2:- കേരളവർമ്മയുടെ ശാകുന്തളം വിവർത്തനം ഏത്?


മണിപ്രവാളശാകുന്തളം.

മലയാളശാകുന്തളം.

കേരളശാകുന്തളം

ഭാഷാശാകുന്തളം


മണിപ്രവാളശാകുന്തളം


Question3:- ഏ. ആർ. രാജരാജവർമ്മയുടെ ശാകുന്തളം വിവർത്തനം?


മണിപ്രവാളശാകുന്തളം

കേരളശാകുന്തളം.

മലയാളശാകുന്തളം

ഭാഷാശാകുന്തളം


മലയാളശാകുന്തളം


Question4:- കേരളകാളിദാസൻ എന്നു്‌ വിളിക്കുന്നതു്‌ ആരെ?


പന്തളം കേരളവർമ്മ

കോട്ടയം കേരളവർമ്മ

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

ഏ.ആർ.രാജരാജവർമ്മ


കേരളവർമ്മ വലിയ കോയിത്തമ്പുരാൻ


Question5:-കേരളകാളിദാസൻ എന്നു്‌ കേരളവർമ്മയെ വിളിക്കാനുളള കാരണം?


മേഘദൂതിനെ അനുകരിച്ചു്‌ "മയൂരസന്ദേശം" എഴുതി.

ആദ്യമായി മലയാളത്തിൽ ശാകുന്തളം തർജ്ജമചെയ്തു

മയൂരസന്ദേശം എഴുതി.

ഇതൊന്നുമല്ലകാരണം


ആദ്യമായി മലയാളത്തിൽ ശാകുന്തളം തർജ്ജമചെയ്തു


Question6:- കാല്പനികഭാവമുളള മലയാളത്തിലെ ആദ്യ കവിതയേതു്‌?


വിശ്വരൂപം

ഒരുവിലാപം.

മലയവിലാസം

ആസന്നമരണചിന്താശതകം.


മലയവിലാസം


Question7:- മലയവിലാസത്തിന്റെ കർത്താവു്‌?


ഏ.ആർ.രാജരാജവർമ്മ

കേരളവർമ്മ

കെ.സി.കേശവപിളള

ഉള്ളൂർ


ഏ.ആർ.രാജരാജവർമ്മ


Question8:- മലയാളഭാഷയുടെ ആധികാരികമായ വ്യാകരണഗ്രന്ഥം?


പാണിനീയം

മലയാളഭാഷാവ്യാകരണം.

കേരളപാണിനീയം

ഇതൊന്നുമല്ല


കേരളപാണിനീയം


Question9:-കേരളപാണിനീയ"ത്തിന്റെ കർത്താവു്‌?


ഗുണ്ടർട്ടു്

കേരളവർമ്മ

പാണിനി

ഏ.ആർ.രാജരാജവർമ്മ


ഏ.ആർ.രാജരാജവർമ്മ


Question10:- "പാണിനീയം" ഏതു ഭാഷയുടെ വ്യാകരണഗ്രന്ഥം?


മലയാളം‌

ഇംഗ്ലീഷ്.‌

സംസ്കൃതം

പ്രാകൃതം



സംസ്കൃതം


Question11:- "കേരളപാണിനി" എന്നറിയപ്പടുന്നതാരു്‌?


കേരളവർമ്മ.

പാണിനി

ഏ.ആർ.രാജരാജവർമ്മ

കെ.സി.കേശവപിളള


ഏ.ആർ.രാജരാജവർമ്മ.


Question12:-" ഭാഷാഭൂഷണം" ഏതു തരം കൃതിയാണു്‌?


അലങ്കാര ശാസ്ത്രം.

വൃത്തശാസ്ത്രം.‌

വ്യാകരണം

ഇതൊന്നുമല്ല.


അലങ്കാര ശാസ്ത്രം


Question13:- "കാന്താരതാരകം" ഏ.ആർ., ഏതുകൃതിയ്ക്കു്‌ എഴുതിയ വ്യാഖ്യാനമാണു്‌?


നളിനി.‌

മയൂരസന്ദേശം

നളചരിതം

വീണപൂവു്‌


നളചരിതം


Question14:- " പ്രരോദനം" ഏതുതരം കൃതിയാണു്‌?


മഹാകാവ്യം

തുളളൽ

നാടകം.

വിലാപകാവ്യം.


വിലാപകാവ്യം


Question15:- ആരുടെ മരണത്തിലുളള ദുഃഖമാണു്‌ പ്രരോദനത്തിന്റെ വിഷയം?


കേരളവർമ്മയുടെ.

ഏ.ആർ.രാജരാജവർമ്മയുടെ

കെ.സി. കേശവപിളളയുടെ‌

വളളത്തോളിന്റെ


ഏ.ആർ.രാജരാജവർമ്മയുടെ


Question16:- " ശാരദാമന്ദിരം" ആരുടെ സ്മാരകമാണു്‌?


കുമാരനാശാന്റെ

കേരളവർമ്മയുടെ

ഏ.ആർ.രാജരാജവർമ്മയുടെ

സരസ്വതി ദേവിയുടെ


ഏ.ആർ.രാജരാജവർമ്മയുടെ


Question17:- ഏ.ആറിന്റെ സ്മൃതികുടീരത്തിൽ കൊത്തിവച്ചിരിക്കുന്ന, "ആരിവിടെയീനഷ്ടത്തെ വീട്ടാനിനി?" എന്ന വരി എഴുതിയതു്‌ ആരു്‌?


രാജരാജവർമ്മ.

കേരളവർമ്മ

കെ.സി.കേശവപിളള‌

കുമാരനാശാൻ


കുമാരനാശാൻ


Question18:- "സജാതീയ ദ്വിതിയാക്ഷരപ്രാസം കൈരളീമഹിളതൻ മംഗല്യമാണോർക്കണം"-എന്നോർമ്മിപ്പിച്ചതു്‌ ആരാണു്‌?


ഏ.ആർ.രാജരാജവർമ്മ

കേരളവർമ്മ

ഉള്ളൂർ

ആശാൻ


കേരളവർമ്മ


Question19:- "പ്രാസാദ്യാഭരണങ്ങൾ വാങ്ങുവതിനായർത്ഥംകളഞ്ഞീടൊലാ", എന്നു്‌ ദ്വിതിയാക്ഷരപ്രാസത്തിനുവേണ്ടി "അർത്ഥം" ബലികൊടുക്കരുതെന്നു്‌ ഓർമ്മിപ്പിച്ച കവി ആരു്‌?


കുമാരനാശാൻ.

ഏ.ആർ.രാജരാജവർമ്മ

കെ.സി. കേശവപിളള

വളളത്തോളിന്റെ


ഏ.ആർ.രാജരാജവർമ്മ


Question20:- ഏ. ആറും കേരളവർമ്മയും സംയുക്തമായി പ്രാസവാദം അവസാനിപ്പിച്ചതുമായി ബന്ധമില്ലാത്ത അഭിപ്രായം ഏതു്‌?


പ്രാസം നിർബ്ബന്ധമായും ദീക്ഷിക്കണം

അർത്ഥലോപംകൂടാതെ പ്രാസം ആകാം

പ്രാസം ഇല്ലെന്ന ഒറ്റക്കാരണത്താൽ കാവ്യം മോശമായി കരുതില്ല

പ്രാസം ഉണ്ടായാലും ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല


പ്രാസം നിർബ്ബന്ധമായും ദീക്ഷിക്കണം


Question21:- പ്രാസമില്ലാതെ തന്നെ കെ.സി.കേശവപിളള എഴുതിയ മനോഹരമായ മഹാകാവ്യം ?


മേഘസന്ദേശം.

കേശവീയം

പാണ്ഡവോദയം‌

ചിത്രയോഗം


കേശവീയം


Question22:- പ്രാസവാദംഅവസാനിപ്പിച്ചു്‌ കൊണ്ടു്‌ കേരളവർമ്മ വലിയകോയിത്തമ്പുരാൻ "പ്രാസദീക്ഷയില്ലാതെ" എഴുതിയ കൃതി? ?


മണിപ്രവാളശാകുന്തളം

മയൂരസന്ദേശം

അന്യാപദേശശതകം

ദൈവയോഗം


ദൈവയോഗം


Question23:-കാല്പനിക ഭവമുളള ഇരപതാംനൂറ്റാണ്ടിലെ ആദ്യത്തെ കൃതിയേതു്‌?


മലയവിലാസം.

വീണപൂവു്

വിശ്വരൂപം

ഒരു വിലാപം.


മലയവിലാസം


Question24:- 1903-ൽ പ്രസിദ്ധീകരിച്ച(സി.എസ്സു്‌.സുബ്രഹ്മണ്യൻ പോറ്റിയുടെ ) "ഒരു വിലാപവും" 1908-ൽ പ്രസിദ്ധീകരിച്ച ( വി.സി. ബാലകൃഷ്ണപ്പണിക്കരുടെ)ഒരു വിലാപവും ഏതുതരം കൃതികളാണു്‌. ?


കാല്പനിക കൃതികൾ

ക്ലാസിക് കൃതികൾ

നിയോക്ലാസിക് കൃതികൾ

ഇതൊന്നുമല്ല


കാല്പനിക കൃതികൾ


Question25:- ലക്ഷണമൊത്ത ആദ്യത്തെ കാല്പനിക കാവ്യം ഏതു്‌?


മലയവിലാസം

ഒരു വിലാപം

വീണപൂവു്

ആസന്നമരണചിന്താശതകം


വീണപൂവു്