Malayalam (മലയാളം) (Part-9)

UPSC, PSC, BANK, RAILWAY,etc. Examination Questions

PSC Question and Answer about Malayalam including for Kerala Administrative Service (KAS), Secretariat Assistant, Panchayath Secretary, BDO, Auditor, Assistant, LDC and LGS examination level questions. We will update balance portion of the study material.....

Kerala Public Service Commision examination questions, online psc exam

മലയാളഭാഷയും സാഹിത്യവും.-നൂറ്റാണ്ടുകളിലൂടെ

( മലയാളഭാഷയുടെ ഉത്ഭവം മുതൽ കുഞ്ചൻനമ്പ്യാരുടെ കവിതകൾ വരെയുളള ചരിത്രം)

1- മലനാട്ടിലെ ഭാഷ/പഴന്തമിഴു്‌.(മൂലദ്രാവിഡ ഭാഷ)

കന്നഡ,തെലുങ്കു്‌, മലയാളം ഇന്നത്തെ തമിഴു്‌- ഇവ ദ്രാവിഡ ഗോത്രത്തിൽ പെട്ട ഭാഷകളാണു്‌. ഇവയുടെ പൂർവ്വ രൂപമായ ഒരുപൊതു ഭാഷ, ദക്ഷിണഭാരതത്തിൽ നിലനിന്നിരുന്നു.പഴന്തമിഴു്‌ അല്ലെങ്കിൽ ആദി(മൂല)ദ്രാവിഡഭാഷ . ഇതു്‌ ക്രിസ്തുവിനും ഇരുപതോ ഇരുപത്തഞ്ചോ നൂറ്റാണ്ടുകൾക്കു്‌ മുൻപേ മുതൽ ദക്ഷിണേന്ത്യമുഴുവൻ സംസാരിച്ചിരുന്നു. ഈ ഭാഷയാണു്‌ കന്നഡ,തെലുങ്ക്‌,തമിഴു്‌, മലയാളം,തുളു തുടങ്ങിയ ദ്രാവിഡഭാഷകളായി വികസിച്ചതു്‌.

ദേശഭേദങ്ങൾമൂലവും സംസ്കൃതസ്വാധീനംമൂലവും (ഈ പഴന്തമിഴു്‌) കാലക്രമത്തിൽ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടായിപ്പിരിഞ്ഞു.ഉത്തരദ്രാവിഡം പിന്നീട് കന്നഡ,തെലുങ്കു്‌ എന്ന് രണ്ടായി പിരിഞ്ഞു. തിരുപ്പതി മുതൽ കന്യാകുമാരി വരെ, കിഴക്കുംപടിഞ്ഞാറുമുളള സമുദ്രപര്യന്തം വ്യാപിച്ചിരുന്ന ദേശമാണു്‌ ദക്ഷിണദ്രാവിഡം. ഈ പ്രദേശംതന്നെ തമിഴകം.

2- തമിഴകം

തമിഴകം ചേര-ചോള-പാണ്ഡ്യ ദേശങ്ങളായി പിരിഞ്ഞു്‌ മൂന്നു്‌ ഭരണത്തിൻകീഴിലായിരുന്നു. തമിഴകത്തെ സംസാരഭാഷ പ്രാദേശികഭേദങ്ങളോടെയുളള ആദി(മൂല)ദ്രാവിഡഭാഷയായിരുന്നു. ക്രി.മു.രണ്ടാം നൂറ്റാണ്ടു്‌ മുതൽ ക്രി.പി. നാലാം നൂറ്റാണ്ടിന്റെ അന്ത്യംവരെയുളള കാലം സംഘകാലം എന്നു്‌ അറിയപ്പെടുന്നു.

മധുര കേന്ദ്രമായി ചെന്തമിഴു സാഹിത്യം രൂപംകൊണ്ടതു്‌ ഏകദേശം കി.മു.മൂന്നാം നൂറ്റാണ്ടോടെയാണു്‌. തമിഴകത്തിന്റ എല്ലാഭാഗത്തുമുളള പണ്ഡിതർ കൃതികൾ രചിച്ചതു്‌ ഈ ചെന്തമിഴിൽ ആയിരുന്നു. ദേശഭേദങ്ങളോടെ സംസാരിച്ചിരുന്ന പഴന്തമിഴിൽ നിന്നും സാഹിത്യരചനയ്ക്കായി (വ്യാകരണനിയമങ്ങൾക്കും മറ്റും വിധേയമാക്കി ) രൂപപ്പെടുത്തിയ ഭാഷയാണു്‌ "ചെന്തമിഴു്‌".

ചെന്തമിഴു്‌ രൂപംകൊണ്ടതോടെ ചേരന്മാരുൾപ്പെടെ തമിഴകത്തുളളവർ എല്ലാം ആ ഭാഷയിലാണു്‌ കൃതികൾ രചിച്ചതു്‌. അകനാനൂറു്‌,പുറനാനൂറു്‌,പതിറ്റുപത്തു്‌ തുടങ്ങിയ കവിതാസമാഹാരങ്ങൾ. "മധുര" ആയിരുന്നു സംഘകാലകവികളുടെ ആസ്ഥാനം.സംസ്കൃതത്തിലും കേരളീയർ രചന നടത്തി.സംഘകാലരാജാക്കന്മാരെ പുകഴത്തുന്ന പതിറ്റുപ്പത്തിൽ നിന്നു്‌ അന്നത്തെ ചേരരാജാക്കൻമാരെക്കുറിച്ചറിയാം

3-ചേരനാടും ചേരന്മാരും

തമിഴകത്തിന്റെ പടിഞ്ഞാറു്‌ഭാഗം .

ഇന്നത്തെ കർണ്ണാടകയിലെ ചന്ദ്രഗിരിപ്പുഴമുതൽ തിരുവനന്തപുരം വരെയുളള ഭാഗമാണു്‌ ചേരനാടു്‌ . ചേരരാജാക്കന്മാരാണു്‌ ഭരണംനടത്തിയത് . കി.മു.നാലാംശതകംമുതൽ ക്രി.പി.1102 വരെ , നീണ്ട ഇടവേളയോടെ, രണ്ടു്‌ ചേരവംശം മലനാടു്‌ ഭരിച്ചിരുന്നു. വഞ്ചി, തിരുവഞ്ചിക്കുളം,മതിലകം, ,മുസ്സിരീസ്, കരൂർ, മഹോദയപുരംഎന്നെല്ലാം പലകാലങ്ങളിൽ പലകൃതികളിൽ അറിയപ്പെട്ട ഇന്നത്തെ കൊടങ്ങല്ലൂർ ആയിരുന്നു, തലസ്ഥാനം ( കേരള ചരിത്രഗവേഷണ കൗൺസിലിന്റെ , 2006-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട "മുസിരിസു്‌ പൈതൃകപദ്ധതി " മുസ്സിരിസിന്റെ സ്ഥാനംകെണ്ടെത്തി അവശേഷിപ്പുകൾ മ്യൂസിയത്തിൽ സൂക്ഷിക്കാനും , നിലവിലുളളവ സംരക്ഷിക്കാനും ഉള്ള, ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃകസംരക്ഷണപദ്ധതിയാണു്‌. കേരളസർക്കാരിന്റെ ആദ്യഹരിതപദ്ധതിയും ഇതു തന്നെ. പെരിയാറിന്റെ കരയിൽ സ്ഥിതിചെയ്ത ഈ പ്രാചീനതുറമുഖപട്ടണം 1341-ലെ കൊടും പ്രളയത്തിൽ നശിച്ചതായി കരുതുന്നു. മുൻപു്‌ സൂചിപ്പിച്ച പദ്ധതിപ്രകാരം കൊടുങ്ങല്ലൂരിനടുത്തുള്ള "പട്ടണം " എന്ന സ്ഥലത്തു്‌ നടത്തിയ ഖനനത്തിൽ , ക്രി.മു.പത്താം ശതകം മുതൽ ക്രി. പി.പത്താം ശതകം വരെ പഴക്കമുളള നാഗരികതയുടേയും, ഗ്രീസ് ,റോം തുടങ്ങിയ ലോകരാജ്യങ്ങളുമായുളള വ്യാപാരത്തിന്റേയും തെളിവുകൾ ലഭിച്ചു. റോമാസാമ്രാജ്യത്തിനു്‌ പുറത്ത് നിന്നും ലഭിച്ച, റോമൻഭരണിയുടെ കഷണങ്ങളുടെ ഏറ്റവും വലിയശേഖരം ഇവിടെനിന്നും 2007-09 ലെ ഖനനത്തിൽകണ്ടെത്തി. ചേരനാണയങ്ങൾ,മുത്തുകൾ , ആറുമീറ്റർ നീളമുളള ഒറ്റത്തടി ആഞ്ഞിലിമരത്തിൽ തീർത്ത ചങ്ങാടം, വലിയ ഭരണികൾ എന്നിവയും കണ്ടെത്തി.) ക്രി.പി.800 മുതൽ 1102 വരെ ചേരനാടു്‌ രണ്ടാംചേരവംശത്തിന്റെ കേന്ദ്രീകൃതഭരണത്തിലായിരുന്നു.പതിനൊന്നാംനൂറ്റാണ്ടിലെ ചേരചോളയദ്ധത്തിനു(നൂറ്റാണ്ടു്‌യുദ്ധം)ശേഷമാണ് ചേരനാടു്‌ പല നാട്ടുരാജ്യങ്ങളായിപിരിഞ്ഞതു്‌.

ക്രി.മു രണ്ടാം ശതകംമുതൽ ചേരനാട്ടിലെ പണ്ഡിതർ കവിതയെഴുതിയതു്‌ ചെന്തമിഴിലോ സംസ്കൃതത്തിലോ ആയിരുന്നു. സംഘകാല(ക്രി.മു.രണ്ടാംശതകംമുതൽ ക്രി.പി.നാലാംശതകാന്ത്യം വരെ)കവികളിൽപലരും ചേരനാട്ടുകാരും അതിൽവർണ്ണിക്കപ്പെടുന്നരാജാക്കന്മാർ ചേരരാജാക്കളും ആയിരുന്നു.പതിറ്റുപ്പത്തു്‌ ഉദാഹരണം. ചേരരാജാവായിരുന്ന(രണ്ടാം ചേരസാമ്രാജ്യ സ്ഥാപകൻ) കുലശേഖര ആഴ്‌ വാർ (ക്രി.പി.800-820) "പെരുമാൾതിരുമൊഴി"എന്ന ഭക്തികാവ്യം ചെന്തമിഴിലാണു്‌ രചിച്ചതു്‌. ഇദ്ദേഹം ഒരു വൈഷ്ണവസിദ്ധനും ആയിരുന്നു. ഇദ്ദേഹത്തിന്റെ "മുകുന്ദമാല"എന്ന കൃതി സംസ്കൃതത്തിലാണു്‌രചിച്ചതു്‌. ' ഇദ്ദേഹമാണു്‌ ക്ഷേത്രങ്ങളിൽ ദേവദാസിസംമ്പ്രദായവും കൂത്തമ്പലവും ആരംഭിച്ചതു്‌.(മഹോദയപുരത്തെ അവസാനത്തെ ചേരരാജാവു്‌ 'രാമവർമ്മകുലശേഖരനാണു്‌.കാലംഏ.ഡി.1090--1102. ). ഇക്കാലത്തു്‌ശങ്കരാചാര്യരുടെ കൃതികളും ശക്തിഭദ്രന്റെ" ആശ്ചര്യചൂഡാമണിയും," സംസ്കൃതത്തിൽ രചിക്കപ്പെട്ടു. ചേരനാട്ടിലെ സംഭാഷണഭാഷയിൽ ഗൗരവമായകൃതികൾ എഴുതിയിരുന്നില്ല. നാടൻ പാട്ടുകളോ, മറ്റോ ഉണ്ടായിരിക്കണം ദേശഭേദം,മലനാടിന്റെ വേറിട്ടകിടപ്പു്‌, സംസ്കൃതസ്വാധീനം, വ്യത്യസ്തമായ ആചാരങ്ങൾ-എന്നിവമൂലം ക്രിസ്തുവർഷാരംഭത്തോടെയോ,അതിനു്‌ശേഷമോ മലയാളം തമിഴിൽ നിന്നും ക്രമേണ വ്യത്യസ്തമായിക്കഴിഞ്ഞിരുന്നുവെന്നു്‌ ഊഹിക്കാം.അപ്പോഴും സാഹിത്യരചന ചെന്തമിഴിലോ സംസ്കൃതത്തിലോ ആയിരുന്നു.

4-ആഴ് വാരന്മാരും നായനാരന്മാരും.‌-

ആഴ്വാരന്മാരുടെയും (വൈഷ്ണവഭക്തരായ സന്യാസികൾ),നായനാരന്മാരുടെയും (ശിവഭക്തരായ സന്യാസിമാർ) ഭക്തിരസപ്രാധാന്യമുളള കവിതകൾ ഒൻപതുംപത്തുംനൂറ്റാണ്ടിലാണുണ്ടായതു്‌. ഇവ ലളിതമായ ഭാഷയിൽ ചെന്തമിഴിലാണെഴുതിയത്. പെരിയാഴ്വാർ,ആണ്ടാൾ ,കുലശേഖര ആഴ്വാർ, എന്നിവരുടെ "തിരുമൊഴി"(വൈഷ്ണവഭക്തിഗാനങ്ങൾ)കളിലേയും ,സുന്ദരമൂർത്തി, സംബന്ധർ,അപ്പർ എന്നിവരുടെ "തേവാര"(ശൈവഭക്തിഗാനങ്ങൾ.)ങ്ങളിലേയും പരിച്ഛേദങ്ങളും ചെന്തമിഴു്‌ കൃതികളെന്നാണു്‌ കണക്കാക്കുന്നതെങ്കിലും ഭാഷയിൽ ഗണ്യമായ വ്യത്യാസം ഉണ്ടു്‌.സാധാരണക്കാർക്ക്മനസ്സിലാകാനായി ഇവയിൽ ലളിതഭാഷസ്വീകരിച്ചു. "പെരുമാൾതിരുമൊഴി"എഴുതിയ കുലശേഖര ആഴ് വാർ എന്ന (800-820) രണ്ടാം ചേരസാമ്രാജ്യസ്ഥാപകൻ,(വൈഷ്ണവസിദ്ധൻ) സന്യാസംസ്വീകരിച്ചു്‌ സ്ഥാനമൊഴിഞ്ഞു.തുടർന്നു്‌ അദ്ദേഹത്തിന്റെ പുത്രൻ ,"രാജശേഖരവർമ്മ" (820-844)ഭരണമേറ്റു. ചേരമാൻപെരുമാൾ നായനാർ എന്ന ശൈവസിദ്ധൻ ഇദ്ദേഹമാണു്‌. ഇദ്ദേഹത്തിന്റെ കാലത്താണ് " കൊല്ലവർഷം" കേരളത്തിൽ (AD-825-ൽ)ആരംഭിച്ചതു്‌.

5-മലനാട്ടു്‌ ഭാഷ സാഹിത്യകൃതികളിൽ

ചേരനാട്ടിലെ സംസാരഭാഷയായ മലനാട്ടു്‌ തമിഴു്‌(മലയാളം)സാഹിത്യ കൃതികളിൽ പ്രതിഫലിച്ചുതുടങ്ങിയതു്‌,ഒൻപതും പത്തുംശതകത്തോടെയാണു്‌. ചേരനാട്ടിലെ തമിഴെന്നു്‌ വിളിക്കുന്ന സംസാരഭാഷയും ചോളപാണ്ഡ്യദേശങ്ങളിലെ സംസാരഭാഷയായ തമിഴും തമ്മിലുള്ള അന്തരം ഏറിയേറിവന്നു. അതുകൊണ്ടു്‌ , ചേരനാട്ടുകാരുടെ , ചെന്തമിഴു്‌ കൃതികളിലും സംസ്കൃതകൃതികളിലും , ചേരനാട്ടു്‌ തമിഴു്‌ (മലയാംതമിഴെന്ന മലയാണ്മ) പദങ്ങളും പ്രയോഗങ്ങളും കൂടുതൽ കൂടുതൽ കടന്നുകൂടി. അതാണു്‌ മലനാട്ടുഭാഷാപദങ്ങളുളള പാട്ടു്‌ കൃതികളും (രമചരിതംപോലെ)സംസ്കൃതവും മലനാട്ടുതമിഴുമുളള മണിപ്രവാളവും സാഹിത്യരംഗത്തു്‌ കാണപ്പെട്ടതു്‌.. ക്ഷേത്ര കലകളായ കൂത്തും കൂടിയാട്ടവും കുലശേഖര ആഴ് വാരുടെഭരണകാലത്തു്‌ പരിഷ്ക്കരിച്ചിരുന്നു. കൂടിയാട്ടത്തിൽ വിദൂഷകനും മറ്റുകഥാപാത്രങ്ങളും തമിഴിൽ(മലനാട്ടു തമിഴിൽ=മലയാളത്തിൽ)സംസാരിക്കാൻ ആരംഭിച്ചതു്‌ സാധാരണക്കാർക്കു്‌ കൂടി മനസ്സിലാകാനാണു്‌. മലനാട്ടുഭാഷയുടെ വ്യക്തിത്വം ഇതിൽ നിന്നും വ്യക്തമാകും.നായകൻ ചൊല്ലുന്ന സംസ്കൃതശ്ലോകത്തിനു്, വിദൂഷകൻ അതിനുയോജിച്ച മണിപ്രവാളത്തിലുളള, (സംസ്കൃതവുംമലയാളവുംകലർന്നഭാഷ.) രസകരങ്ങളായ പ്രതിശ്ലോകങ്ങൾ ചൊല്ലണം. തോലൻ എഴുതിയതെന്നു്‌ വിശ്വസിക്കുന്ന ആട്ടപ്രകാരത്തിൽ , ഓരോകഥാപാത്രവും മുദ്രകൾ കാണിച്ചു്‌ ആടേണ്ടുന്നരീതിയും,, ക്രമദീപികയിൽ സന്ദർഭത്തിനു്‌ അനുസരിച്ചു ചേർക്കേണ്ട അവതാരിക, നടന്മാർ രംഗത്ത് അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ ,വിദൂഷകന്റെ ചടങ്ങുകൾ എന്നിവയും വിവരിക്കുന്നു. ആട്ടപ്രകാരത്തിലും ക്രമദീപികയിലും മണിപ്രവാളഭാഷയാണു്‌ ഉപയോഗിച്ചതു്‌. ഇങ്ങനെ വമ്പിച്ച തോതിലുളള ഒരു ഗദ്യ സാഹിത്യം ഭാഷയ്ക്കു്‌ ലഭിച്ചു.

6-കൂത്തു്‌

ചാക്യാർ പുരാണ കഥ പറയുന്നതു്‌ ചാക്യാർ കൂത്തു്‌. വിദൂഷകവേഷധാരിയായ ചാക്യാർ ഫലിതം പരിഹാസം എന്നിവ കലർത്തി നടത്തുന്ന പുരാണകഥാപ്രസംഗമാണു്‌ കൂത്തു്‌.നൃത്തത്തിന്റെ അംശം വളരെ കുറവു്‌. വേഷവിധാനവും മുഖഭാവങ്ങളും അംഗചലനങ്ങളും കഥാവിവരണചാതുര്യവും രസകരമായ ഉപകഥകൾസന്ദർഭാനുസരണം കണ്ടെത്താനുളള പ്രതിഭയും ചാക്യാരുടെ കൂത്തു്‌ ആസ്വാദ്യമയമാക്കുന്നു. കൂത്തമ്പലത്തിൽ ,ദേവപ്രാർത്ഥനയോടെ കൂത്തൂ്‌ തുടങ്ങുന്നു. അധികാരസ്ഥാനത്തുളളവരുൾപ്പെടെയുളള കാണികളെ കളിയാക്കാനുളള സ്വാതന്ത്ര്യം ചാക്ക്യാർക്കുണ്ടു്‌. മിഴാവും ഇലത്താളവും മാത്രമേ വാദ്യങ്ങളായുളളൂ. കുഞ്ചൻനമ്പ്യാർ ഈ കലയിൽനിന്നും പ്രചോദനം നേടിയാണു്‌ തുളളൽ രൂപപ്പെടുത്തിയതു്‌.

7-കൂടിയാട്ടം‌

(ചാക്യാരുംനങ്ങ്യാരും ചേർന്നു്‌ അഭിനയിക്കുന്നതുകൊണ്ടാണ് ഈപേർവന്നതു്‌.)സ്ത്രീകൾക്കു്‌ആദ്യമായി കലാരംഗത്തു്‌ സ്ഥാനംലഭിക്കുന്നതു്‌ ഈ കലയിലാണു്‌. ലോകപൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തമാണു്‌ "കൂടിയാട്ടം". സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നീ നാലുവിധ അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടു്‌ കൂടി ചാക്യരും നങ്ങ്യാരും ചേർന്ന് അഭിനയിക്കുന്ന സംസ്കൃതനാടകമാണു്‌, "കൂടിയാട്ടം"." അഭിനയത്തിന്" നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ, "അഭിനയത്തിന്റെ അമ്മ" എന്നു്‌ കൂടിയാട്ടത്തെ വിളിക്കുന്നു.ഇതിൽ,ചാക്യാർ പുരുഷവേഷവും,നങ്ങ്യാർ(നമ്പ്യാർ വർഗ്ഗത്തിലെ സ്ത്രീകൾ) സ്ത്രീവേഷവും കെട്ടുന്നു.നമ്പ്യാർ മിഴാവു്‌ കൊട്ടുന്നു. ഏകാഭിനയമായ കൂത്തിൽ നിന്നു്‌ സ്ത്രീപുരുഷകഥാപാത്രങ്ങളുളള അഭിനയത്തെ വേർതിരിക്കാനാകാം കൂടിയാട്ടമെന്ന പേർ കൊടുത്തതു്‌.

കൂടിയാട്ടത്തെ വിശകലനം ചെയ്യുന്ന ,പിൽക്കാലത്തുണ്ടായ,ആധികാരിക ഗ്രന്ഥമാണു്‌ "നാട്യകല്പദ്രുമം". പദ്മശ്രീ മാണി മാധവചാക്യാർ ആണു്‌ കർത്താവു്‌.1975-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.കൂടിയാട്ടത്തിനു ആദ്യമായി "പദ്മശ്രീ" നേടിയതും ഇതേ ആചാര്യൻതന്നെ(1974-ൽ.) രസാഭിനയത്തിനും വാചികാഭിനയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന, കൂത്തു്‌-കൂടിയാട്ടത്തിലെ " മാണി" സമ്പ്രദായത്തിലാണു്‌ അദ്ദേഹം അഭ്യസിച്ചതു്‌. അതാണു്‌ 'മാണി'മാധവചാക്യാർ എന്ന് വിളിക്കുന്നതു്‌. "

നവരസങ്ങളെ ആസ്പദമാക്കിയുളള സാത്വികാഭിനയം-അതായത് ഉപാംഗങ്ങൾകൊണ്ടുളള ഭാവാഭിനയം.ഇതുതന്നെയാണു്‌, കണ്ണുകൊണ്ടു്‌ വിവിധഭാവങ്ങൾ അവതരിപ്പിക്കുന്ന "നേത്രാഭിനയം".നേത്രാഭിനയത്തിലലെ എക്കാലത്തേയും മികച്ച നടനായിരുന്നു മാണി മാധവചാക്യാർ."കഥകളിക്കു്‌ കണ്ണുകൾ നൽകിയ കലാകാരൻ" എന്നും, "ലോകത്തിലെ മഹാനായ കണ്ണുകളുടെ മാന്ത്രികൻ " എന്നും അദ്ദേഹം പുകഴ്ത്തപ്പെട്ടു." മാണി മാധവീയം" അദ്ദേഹത്തിന്റെ ജീവചരിത്രം ആണു്‌.

വാചികാഭിനയത്തിനു്‌ മൂലകൃതിയിലെ ഗദ്യപദ്യങ്ങൾക്കു്‌ പുറമേ ,വിദൂഷകന്റെ തമിഴും(മലനാട്ടു്‌ ഭാഷ) മണിപ്രവാളവും കുലശേഖരപ്പെരുമാൾ അനുവദിച്ചതു്‌ , മലയാളത്തിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നു.

8-കൗടലീയം ഭാഷാഗദ്യം

കൗടല്യന്റെ (ചാണക്യൻ/വി ഷ്ണുഗുപ്തൻ)അർത്ഥശാസ്ത്രത്തിനു്‌ " ഇന്ത്യയിൽ പ്രാദേശികഭാഷകളിലുണ്ടായ ആദ്യ വിവർത്തനം" , "കൗടലീയം ഭാഷാഗദ്യം " ആണു്‌. തമിഴു്‌ ചുവയുളളമലനാട്ടു്‌ ഭാഷയിലാണു്‌ രചന. പ്രാചീനമലയാളപദങ്ങളും ശൈലികളും പ്രയോഗങ്ങളും നിറഞ്ഞ ഗദ്യം.കാലം പന്ത്രണ്ടാം ശതകം. "തമ്മാവൻ ധനം മരുമക്കൾ കൊളളുമതു്‌." എന്നു്‌ മരുമക്കത്തായം സൂചിപ്പിക്കുന്നതുകൊണ്ടു്‌ ഒരു കേരളീയപണ്ഡിതനാകാം ഇതു്‌ രചിച്ചതതെന്നു്‌ ഉളളൂർ കേരളസാഹിത്യചരിത്രം ഭാഗം 1-ൽ പറയുന്നു.

9-രാമചരിതം

ഒരുപാട്ടു്‌ കൃതി. കാലം-പന്ത്രണ്ടാം ശതകാന്ത്യമോ പതിമൂന്നാം ശതകാരംഭമോ. "ചീരാമൻ " ആണു്‌ കവി.(ശ്രീരാമൻ എന്നതിന്റെ തത്ഭവമാണെന്നു്‌ കരുതുന്നു.) " ഇരാമചരിതത്തിലൊരുതെല്ലു്‌ ഊഴിയിൽചെറിയവർക്കു്‌ " അറിയാനായി യുദ്ധകാണ്ഡത്തിനു്‌ പ്രാധാന്യം കൊടുത്തു്‌ രാമായണകഥ വർണ്ണിക്കുന്നു. കമ്പരെ അനുകരിക്കുന്നെങ്കിലും ഇരുവരുംസമകാലീനരായിരിക്കണം.രണ്ടുകവികളും ശ്രീരാമൻ അവതാരപുരുഷനാണെന്നു്‌ വിശ്വസിക്കുന്നു.

1872-ൽ ഗുണ്ടർട്ടാണു മലയാളനിഘണ്ടുവിന്റെമുഖവുരയിൽ, "ഇരാമചരിതം " മലയാളത്തിലെ ആദ്യകൃതിയെന്നു്‌ സൂചിപ്പിച്ചതു്‌. "ഇരാമചരിതത്തിലൊരു തെല്ലു്‌," എന്നു്‌ രാമചരിതകാരനും ഗ്രന്ഥനാമം സൂചിപ്പിക്കുന്നു..1917-ൽ ഉള്ളൂർ ആദ്യത്തെ 30പടലങ്ങൾ ആദ്യമായി, "പ്രാചീനമലയാളമാതൃകകൾ" എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് പ്രസിദ്ധപ്പെടുത്തി. പ്രൊഫ: പി.വി.കൃഷ്ണൻനായർ രാമചരിതത്തിന്റെ ഒരു സമഗ്രപഠനം പ്രസിദ്ധികരിച്ചു."രാമചരിതം ഒരുവിമർശനാത്മക പഠനം" എന്ന ഗ്രന്ഥം. രാമചരിതം വട്ടെഴുത്തിൽ എഴുതിയ പകർപ്പു്‌ വടക്കൻ കേരളത്തിലെ നീലേശ്വരത്തുനിന്നും കണ്ടെടുത്തു. ഉളളൂർ "മലയാളത്തിന്റെ ചോസർ"(Chaucer) എന്നു്‌ രാമചരിതകാരനെ വിളിക്കുന്നു.കൈരളീപദ്യസാഹിത്യത്തിലെ പ്രഭാതനക്ഷത്രം എന്നു്‌ പി.വി.കൃഷ്ണൻനായർ വിശേഷിപ്പിക്കുന്നു.

10-രാമചരിതം- ഒരു പാട്ടു്‌ കൃതി

സംഘകാലംമുതൽ മലനാട്ടുകാർ ചെന്തമിഴിലാണു്‌ കൃതികൾ രചിച്ചിരുന്നതു്‌. "പതിറ്റുപ്പത്തും"മറ്റും ഉദാഹരണം. ലീലാതിലകകാരൻ "പാട്ടു്‌ " എന്ന സാഹിത്യ രൂപം പരിചയപ്പെടുത്തുന്നു. ഈ രീതിയിലാണു്‌ ആഴ്വാരന്മാരുടെയും നായനാരന്മാരുടെയും ഭക്തിഗാനങ്ങളും എഴുതിയതു്‌ .(പക്ഷേ രണ്ടിലേയും ചെന്തമിഴു ഭാഷയ്ക്കു നല്ല വ്യത്യാസം ഉണ്ടു്‌. ) അപ്പർ, സംബന്ധർ, സുന്ദരമൂർത്തി എന്നിവരുടെ "തേവാരങ്ങളി"ലേയും , പെരിയാഴ്വാർ,ആണ്ടാൾ, കുലശേഖര ആഴ്വാർ എന്നിവരുടെ "തിരുമൊഴി"കളിലെയുംപരിച്ഛേദങ്ങൾ നോക്കുക. ഈ രീതി പിൻതുടർന്നെഴുതിയകവിതയാണു്‌, പാട്ടു്‌ എന്നറിയപ്പെടുന്നതു്‌ അവയിലെ പോലെ, രാമചരിതത്തിലെ 164പരിച്ഛേദങ്ങളിൽ ഭൂരിഭാഗത്തിലും പ്രായേണ 11 പാട്ടുകൾ വീതമാണുളളതു്‌. . ഈ പാട്ടിൽ അക്കാലത്തെ സംഭാഷണഭാഷയിലെ പദങ്ങളുംപ്രയോഗങ്ങളും സ്വാഭാവികമായും പ്രതിഫലിക്കും. തമിഴിൽ പ്രയോഗമില്ലാത്ത ധാരാളംപ്രയോഗങ്ങളും പദങ്ങളും, ലിംഗവചനപ്രത്യയങ്ങൾ ചേർക്കാത്ത ക്രിയകളും ഇതിലുണ്ടു്‌. മലനാട്ടിലെ സംഭാഷണഭാഷയുടെ സ്വാധീനമാണതു്‌.അതുകൊണ്ടാണു്‌ ചെന്തമിഴുമല്ല,മലനാട്ടുതമിഴുമല്ല ഒരുമിശ്രഭാഷയാണെന്നു്‌ രാമചരിതത്തിലെ ഭാഷയെക്കുറിച്ചു്‌ വ്യത്യസ്തഅഭിപ്രായമുണ്ടായതു്‌. ഇതെഴുതിയതു്‌ അക്കാലത്തെ സംഭാഷണഭാഷയിലല്ല, കാവ്യഭാഷയിലാണു്‌. "തമിഴോ മിശ്രഭാഷയോ അല്ല. അതുണ്ടായകാലത്തു്‌ "മലയാളം പാട്ടിനു"പയോഗിച്ചിരുന്ന "സാഹിത്യഭാഷ"യിലാണു്‌ രാമചരിതമെഴുതിയ"തെന്ന ഉള്ളൂരിന്റെ നിരീക്ഷണം അർത്ഥവത്താണു്‌.(കേര.സാ.ചരിത്രം-ഭാഗം1) ഇതിന്റെ കാലാനുസൃതമായ വികാസമാണു്‌ കണ്ണശ്ശകൃതികളിൽ. തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴിൽ രചിച്ച"കണിയാങ്കുളത്തു്‌ പോരു്‌"പോലുളള കൃതിയല്ല,ഇതു്‌. (ഇത്തരംകൃതികൾ താളിയോലയിലെഴുതുകയോ, ചിറയൻകീഴിനു്‌ വടക്കു്‌ പ്രചരിക്കുകയോ ചെയ്തിട്ടില്ല.) മലയാളത്തിലെ പല വൃത്തങ്ങളുടെയും പൂർവ്വരൂപങ്ങൾ രാമചരിതത്തിൽ കാണാം.

11-പാട്ടിന്റെലക്ഷണം

ലീലാതിലകകാരൻ(ശതകം14) ആനുഷംഗീകമായി പാട്ടിന്റെ ലക്ഷണം നൽകുന്നു. (ഒന്നാം അദ്ധ്യായം)

  • തമിഴക്ഷരമാലയിലുളള അക്ഷരങ്ങൾ മാത്രംഉപയോഗിച്ചെഴുതുന്ന കവിത.(ദ്രമിഡസംഘാതാക്ഷരനിബദ്ധം-) സംസ്കൃതപദങ്ങൾ തമിഴക്ഷരമാലകൊണ്ടു്‌ മാത്രംഎഴുതാൻകഴിയുമെങ്കിൽ,തത്സമമായി ഉപയോഗിക്കാം. വിഭക്ത്യന്ത സംസ്കൃതപദങ്ങളും ഇങ്ങനെ ഉപയോഗിക്കാം. ചിരതരം,മുരാരി, ചരണേ,കേകിനാം,കാനനേഎന്നിവ ഉദാഹരണം.തമിഴക്ഷരമാലകൊണ്ടു്‌എഴുതാൻ കഴിയാത്ത ബാണൻ,ദാനവൻ,ധാമം, സൂര്യൻ എന്നിങ്ങനനെയുളളപദങ്ങൾ വാണൻ,താനവൻ,താമം,ചൂരിയൻ, എന്നിങ്ങനെ തത്ഭവശബ്ദങ്ങളാക്കിയെഴുതുന്നു."പാട്ടെന്ന ഇനത്തിലെ മലയാളകൃതികളിലെ ഭാഷ, പ്രായേണ ചെന്തമിഴു്‌ പാട്ടുകൾ പോലെ തോന്നും." എന്നു്‌ ലീലാതിലകകാരൻ ഓർമ്മിപ്പിക്കുന്നു..(പാണ്ഡ്യഭാഷാ സാരൂപ്യം ബാഹുല്യേന പാട്ടിൽ കേരളഭാഷായാം ഭവതി.)
  • എല്ലാപാദങ്ങളിലും ദ്വിതിയാക്ഷരപ്രാസം പാലിക്കുന്നു.ഇതാണു്‌" എതുക."
  • ഓരോപാദത്തിന്റെയും പൂർവഭാഗത്തിനും ഉത്തരഭാഗത്തിനും ആദ്യാക്ഷരത്തിനു്‌ സാജാത്യം ഉണ്ടാകണം. ഇതാണു്‌ "മോന."
  • വസന്തതിലകാദി സംസ്കൃതവൃത്തങ്ങളിൽ നിന്ന് ഭിന്നമായ വൃത്തങ്ങൾ, (തമിഴു്‌ വൃത്തങ്ങൾ)ഉപയോഗിക്കണം. (ലീലാതിലകകാരൻ സൂചിപ്പിക്കാത്ത ഒരു പ്രത്യേകതകൂടി ഉണ്ടു്‌. ഒരു പാട്ടിന്റെ അവസാന വാക്കു്‌ കൊണ്ടു്‌ , അടുത്ത പാട്ടു്‌ ആരംഭിക്കുക എന്ന രീതി.അന്താദിപ്രാസം എന്ന് പറയും)

ഈ നാലു്‌ ലക്ഷണങ്ങളും ഒത്തുചേർന്നതാണു്‌ ചെന്തമിഴു്‌ സാഹിത്യം. ഇവയൊത്ത മലയാളകൃതി "രാമചരിതമാണു്‌".

12-തമിഴക്ഷരമാല

അ,ഇ,ഉ,എ,ഒ എന്നീസ്വരങ്ങളും അവയുടെദീർഘങ്ങളും,ഐ,ഔ എന്നിവയുംകൂടി 12സ്വരങ്ങൾ. ക,ങ,ച,ഞ,ട,ണ,ത,ന,പ,മ യ,ര,ല,വ,ള,ഴ,റ,ന(നനയുന്നു-എന്നതിലെ രണ്ടാമത്തെ "ന" കാരത്തിന്റെ ഉച്ചാരണം) എന്ന്18 വ്യഞ്ജനങ്ങൾ.(മൊത്തം30അക്ഷരം)

13-മലയാളലിപി

മലയാളത്തിനു്‌ വളരെ പ്രാചീനകാലം മുതലേ അതിന്റേതായ ലിപിയുണ്ടു്‌. ഏറ്റവും പ്രാചീനമായ മലയാള ലിപി " വട്ടെഴുത്തു്‌" ആണു്‌. ഇതിനു്‌ "നാനംമോനം" എന്നും പേരുണ്ടു്‌.ക്രി.പി. ഒൻപതാംശതകത്തിലോ അതിനു്‌ മുൻപു്‌ മുതലോ വട്ടെഴുത്തുണ്ടു്‌.പതിനെട്ടാം നൂറ്റാണ്ടോടെ ഈ ലിപിയ്ക്ക് സാരമായ മാറ്റം വന്നു്‌ "കോലെഴുത്തു്‌" എന്നറിയപ്പെടാൻ തുടങ്ങി. തെക്കേ ഇൻന്ത്യയിലെ ബ്രാഹ്മണർ "ഗ്രന്ഥലിപി" ഉപയോഗിച്ചിരുന്നു. ബ്രാഹ്മണർ ഉപയോഗിച്ചതുകൊണ്ടാകാം "ആര്യയെഴുത്തു്‌ " എന്നും ഈ ലിപി അറിയപ്പെട്ടിരുന്നതു്‌ .സംസ്കൃതവും പ്രാകൃതവും ഈ ലിപി ഉപയോഗിച്ചെഴുതിവന്നു. ഗ്രന്ഥലിപിയും ശാസനങ്ങളിലുംമറ്റും സംസ്കൃതാക്ഷരങ്ങൾ എഴുതാൻ വട്ടെഴുത്തിനൊപ്പം ഉപയോഗിച്ചിരുന്നു. പിന്നീടു്‌ ഗ്രന്ഥലിപിയ്ക്കു്‌ പ്രചാരം ഏറി.ഇതാണു്‌ രൂപാന്തരങ്ങളോടെ പുതിയ മലയാളലിപിയായി വികസിച്ചതു്‌.

14-മണിപ്രവാളം/ലീലാതിലകം

(സംസ്കൃതഭാഷയിലെഴുതിയ) ലീലാതിലകം,(പതിനാലാം ശതകം) "മണിപ്രവാളം" എന്ന സാഹിത്യഭാഷയുടെ ഭഷാശാസ്ത്രവും ഒപ്പം അലങ്കാരശാസ്ത്രവുമാണു്‌.മണിപ്രവാളനിർവചനം, ഭാഷ,വിഭക്തി,സന്ധി,കാവ്യദോഷങ്ങൾ/ഗുണങ്ങൾ,ശബ്ദാലങ്കാരം,അർത്ഥാലങ്കാരം, കാവ്യരസങ്ങൾ തുടങ്ങിയവ വർണ്ണിക്കുന്നു. "ഭാഷാസംസ്കൃതയോഗോമണിപ്രവാളം"എന്നാണു്‌ ലക്ഷണം.

സംസ്കൃതവും ഭാഷയും(മലനാട്ടു്‌തമിഴും) സഹൃദയർക്കു്‌ രസിക്കുംവിധം കൂട്ടിച്ചേർത്തു്‌ എഴുതുന്ന കൃതികളാണു്‌ മണി പ്രവാളകവിതകൾ.

15- മണിയും പ്രവാളവും

"മണി" എന്നതു്‌ "മലനാട്ടുഭാഷയെ"സൂചിപ്പിക്കുന്നു."മണിയെന്നതു്‌ "മാണിക്യം" എന്ന രത്നംആണു്‌. "പ്രവാളം" സംസ്കൃതത്തെ സൂചിപ്പിക്കുന്നു. പ്രവാളം പവിഴമാണു്‌.മറ്റൊരുരത്നം.രണ്ടിനും ഒരേനിറമാണു്‌. ഭാഷാപദമാകുന്ന മാണിക്യവും സംസ്കൃതമാകുന്ന പവിഴവും ആണു്‌ സഹൃദയർക്കു്‌ രസിക്കുംവിധം ചേർക്കേണ്ടതു്‌. ഒരുനൂലിൽ കോർത്ത ഈ രണ്ടു രത്നങ്ങളും നിറത്തിന്റെ സാദൃശ്യം കൊണ്ടു്‌ തിരിച്ചറിയാൻ കഴിയാത്തവിധം യോജിക്കുന്നു. ഭാഷയും സംസ്കൃതവും ഇതുപോലെ ചേർന്നു്‌ ഭാഷയെന്ന പ്രതീതി ഉണ്ടാക്കണം. മണിക്കു്‌ മുത്തു്‌ എന്നും അർത്ഥമുണ്ടു്‌. മുത്തു്‌ വെളുത്തതാണു്‌. ചെമന്ന പവിഴവും വെളുത്തമുത്തും ചേരുമ്പോഴുളള വർണ്ണശബളിമയല്ല, "മണിപ്രവാളം" കൊണ്ടു്‌ ഉദ്ദേശിക്കുന്നതു്‌. മലയാളത്തെ പിച്ചകപ്പൂവായും സംസ്കൃതത്തെ ചെങ്ങഴിനീർ പൂവായും കല്പിച്ചു്‌ ചിലരെഴുതിയ കവിതകൾ "മണിപ്രവാളത്തിനു്‌"യോജിക്കില്ലെന്നു്‌ ലീലാതിലകകാരൻ പറയുന്നു.

16-ലീലാതിലകത്തിൽ നിന്നും വെളിപ്പെടുന്ന വസ്തുതകൾ:-

ഭാഷയെന്നത് മലനാട്ടു്‌ തമിഴാണു്‌. ചോളഭാഷയല്ല. തമിഴും മലനാട്ടുതമിഴും തമ്മിൽ വളരെ സാദൃശ്യമുണ്ടെങ്കിലും രണ്ടും രണ്ടു്‌ ഭാഷയാണു്‌. മലനാട്ടുതമിഴും സംസ്കൃതവിഭക്ത്യന്തപദങ്ങളും മണിപ്രവാളത്തിൽ കാണും. സംസ്കൃതവിഭക്ത്യന്തമല്ലാതെ സംസ്കൃതപദങ്ങൾ (പ്രാതിപാദികം മാത്രം)മലനാട്ടുതമിഴുമായിചേർത്ത് എഴുതുന്നതിനു്‌ തമിഴെന്ന് പറയും,മണിപ്രവാളമാകില്ല.നമ്പ്യാന്തമിഴു്‌ ഉദാഹരണം.അലങ്കാരവും രസവുമുണ്ടെങ്കിലും അതു്‌ മണിപ്രവാളമല്ല. അലങ്കാരവുംരസവുമില്ലെങ്കിലും സംസ്കൃതവിഭക്ത്യന്ത പദങ്ങളുളളതുകൊണ്ടു്‌ ആലത്തൂർമണിപ്രവാളം മണിപ്രവാളകൃതിതന്നെ.ഭഷാപദത്തോടു്‌ സംസ്കൃതവിഭക്തികൾചേർക്കുന്നതും ,മലയാളക്രിയകൾക്ക്‌ "മമണ്ടിരേ" "കേഴന്തീ "പോലെ സംസ്കൃത ക്രിയയുടെരൂപം ചേർക്കുന്നതും മണിപ്രവാളംഅനുവദിക്കുന്നു. രസം,അലങ്കാരം,ഇവമൂലം സഹൃദയർക്കു്‌ രസകരമാകണം. ഭഷാപദം ഏറിയുമിരിക്കണം. സംസ്കൃതപദങ്ങൾ കുറഞ്ഞും , ഭാഷപോലെ അർത്ഥവ്യക്തവും ആകണം. തമിഴിൽ നിന്ന് വ്യത്യസ്ഥമായി തേങ്ങ,മാങ്ങ എന്നിങ്ങനെ പ്രയോഗം ഭാഷയിലുണ്ടു.

17-ആദ്യകാല മണിപ്രവാളകൃതികൾ

ആട്ടപ്രകാരത്തിലും ക്രമദീപികയിലും മണിപ്രവാളഭാഷകാണാം. കൂടിയാട്ടത്തിനു്‌ ഉപയോഗപ്പെടുന്നശ്ലോകങ്ങൾ, ചില സ്തോത്രങ്ങൾ ഇവയും മണിപ്രവാളത്തിൽ പ്പെടും.

  • വൈശികന്ത്രം :- പന്ത്രണ്ടാംശതകത്തിലെ, "വൈശികതന്ത്ര"മാണു്‌ ലീലാതിലകകാരൻ പറയുംവിധമുളള ഉത്തമ മണിപ്രവാളകൃതി. ഭാഷയ്ക്കു്‌ മുൻതൂക്കമുളള ഈകൃതിയിൽ മലയാളഭാഷയുടെ വ്യക്തിത്വം നിഴലിക്കുന്നു. നൂറ്റാണ്ടു്‌ യുദ്ധത്തിന് ശേഷം ഉണ്ടായ കേന്ദ്രീകൃതഭരണത്തകർച്ചയെ തുടർന്നു നാടുവാഴികളുടെ ഭരണവും നമ്പൂതിരി പ്രാബല്യവും സമൂഹത്തിൽ ഉണ്ടാക്കിയ ധാർമ്മികാധഃപധനം മണിപ്രവാളകൃതികൾ പ്രതിനിധാനം ചെയ്യുന്നു. വൈശികതന്ത്രം ഉദാഹരണം. വേശ്യാവൃത്തിതൊഴിലാക്കിയ ഒരു വൃദ്ധ തന്റെ മകൾക്ക് നൽകുന്ന ഉപദേശമാണീകൃതി.
  • ഉണ്ണിയച്ചിചരിതം.(ശതകം13):- ഒരു മണിപ്രവാളകൃതി. ഗദ്യവും പദ്യവും ഇടകലർത്തി യെഴുതുന്നകൃതിയാണു്‌, ചമ്പൂ.ഇതൊരു ചമ്പൂ കൃതിയാണു്‌. തിരുനെല്ലിയ്ക്കു്‌ സമീപമുളള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയാണു്‌ "ഉണ്ണിയച്ചി". ഉണ്ണിയച്ചിയാണു്‌ നായിക.ഒരു ഗന്ധർവനു്‌ ഇവളിൽ അനുരാഗം തോന്നി.ഭൂമിയിലെത്തിയ ഗന്ധർവനെ ഒരു "ചാത്തിര "നമ്പൂതിരി(വിദ്യാർത്ഥി)അവളുടെ ഗൃഹത്തിലേക്കു്‌ നയിക്കുന്നു. വഴിയിലെ കാഴ്ചകൾ, അങ്ങാടി ,അവളുടെ ഗൃഹപരിസരത്തു്‌ കൂടിയ വൈദ്യന്മാർ,ജ്യോത്സ്യർ തുടങ്ങിയവർ -എല്ലാം വിശദമായി വർണ്ണിക്കുന്നു.വർണ്ണനയ്ക്കു വേണ്ടിയുളള വിഷയം. കാവ്യ ഭംഗി എടുത്തുപറയണം.കർത്താവു്‌ "തേവൻചിരികുമാരൻ" (ദേവൻ ശ്രീകുമാരൻ).
  • ഉണ്ണിച്ചിരുതേവിചരിതം.(ശതകം13):- എഴുതിയതാരെന്നറിയില്ല.പതിമൂന്നാംശതകം."ചോകിരം" ഗ്രാമക്കാരിയാണു്‌ നായിക. പേരു്‌ ഉണ്ണിച്ചിരുതേവി. "വായ്പളളി" യാണു്‌ തറവാടു്‌. അവളിൽ ദേവേന്ദ്രൻ അനുരക്തനാകുന്നു. അവളെ കാണാനായി ഭൂമിയിലെത്തുന്നു. നായികയുടെ വീട്ടിലെ വിശേഷങ്ങൾ വർണ്ണിക്കുന്നു. ഇത്രയുമേ കണ്ടുകിട്ടിയ കാവ്യഭാഗത്തുളളൂ.
  • ഉണ്ണിയാടിചരിതം.(ചമ്പു):- ദാമോദരചാക്യാർ എഴുതിയകൃതി.കാലംപതിന്നാലാംശതകം.കായംകുളം(ഓടനാടു്‌) വാണ കേരളവർമ്മയുടേയും ചെറുകരകുട്ടത്തിയുടെയും മകളാണു്‌ ഉണ്ണിയാടി. ചന്ദ്രൻ ഒരു മനോഹരഗാനം കേട്ടു. അതിന്റെ ഉത്ഭവംതിരക്കിവിട്ട രണ്ടു പേർ അഞ്ചാം ദിനംതിരികെചെന്നു്‌ , കേരളം,മഹോദയപുരം, ഓടനാടു്‌ ,കണ്ടിയൂർ അങ്ങാടി എന്നിങ്ങനെ ക്രമമായി വർണ്ണിക്കുന്നു.ഇത്രയുമേ കണ്ടുകിട്ടി യിട്ടുളളൂ. മേൽ പറഞ്ഞ മൂന്നുകൃതികളും സ്ത്രീവർണ്ണനാപ്രധാനങ്ങളും, നീണ്ടവർണ്ണനകളുളളതുമായകൃതികളാണു്‌. സന്ദേശകാവ്യങ്ങളും ചമ്പുക്കളും മണിപ്രവാളത്തിൽപ്പെടും
18-സന്ദേശകാവ്യങ്ങൾ.
  • ഉണ്ണുനീലിസന്ദേശം(ശതകം 14.) :- മേഘദൂതിനെ അനുകരിച്ചു്‌ മണിപ്രവാളഭാഷയിൽ ഉണ്ടായ സന്ദേശകൃതി. മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണുനീലിയാണു്‌ , നായിക.ഇപ്പോഴത്തെ കടുത്തുരുത്തിയിലാണു്‌ മുണ്ടയ്ക്കൽ. "മുണ്ടയ്ക്കൽ സന്ദേശമെന്നും ഇതറിയപ്പടുന്നു. ഉണ്ണുനീലിസന്ദേശത്തിലെ ഇതിവൃത്തം? നായികയോടൊപ്പം ഉറങ്ങിയ നായകനെ ഒരു യക്ഷി എടുത്തു തെക്കോട്ടു്‌ കൊണ്ട് പോയി. തിരുവനന്തപുരത്തു്‌ എത്തിയപ്പോൾ നായകനുണർന്നു്‌ നരസിംഹ മന്ത്രം ജപിച്ചു. യക്ഷി അവിടെ ഉപേക്ഷിച്ചു്‌ പോയി. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നിലാണു്‌ വീണതു്‌. ക്ഷേത്രദർശനത്തിനു്‌ വന്ന, യുവരാജാവായ ആദിത്യവർമ്മയെ, സന്ദേശവാഹകനായി വിടുന്നുവെന്നു്‌ സങ്കല്പിച്ചെഴുതിയ മനോഹരമായ സന്ദേശകാവ്യം. പദ്മനാഭസ്വാമി ക്ഷേത്രം മുതൽ കടുത്തുരുത്തി വരെയുള്ള പ്രധാനസ്ഥലങ്ങളുടെ വർണ്ണന. കർത്താവു്‌ ആരെന്നറിയില്ല.
  • കോകസന്ദേശം(ശതകം 15) :- ഉണ്ണുനീലിസന്ദേശത്തിന്റെ കാലമെന്നു്‌ ഊഹിക്കുന്നു. ജയസിംഹനാട്ടിലെ(കൊല്ലം) ഒരു കാമി സ്പ്നം കാണുന്നു. തന്നെ ഭാര്യയിൽ നിന്നും വേർപെടുത്തി ഒരു യക്ഷി തിരുനാവായ്ക്ക് അടുത്തുളള "തിപ്രങ്ങോടു്‌ " എന്ന സ്ഥലത്തു്‌ എത്തിച്ചു. അവിടെ കണ്ട ചക്രവാകത്തോടു്‌,കൊല്ലത്തേക്ക് ഒരു സന്ദേശം കൊടുക്കാൻ ആവശ്യപ്പെടുന്ന രീതിയിൽ രചിച്ചകൃതി. ഇടപ്പളളി വരെയുളള സ്ഥലവർണ്ണന മാത്രമേ കണ്ടുകിട്ടിയിട്ടുളളൂ. . കർത്താവു്‌ ആരെന്നറിയില്ല.
19-ചന്ദ്രോത്സവം

ദേവദാസീവർണ്ണനയ്ക്കു്‌ കേൾവികേട്ട മണിപ്രവാളകൃതിയാണു്‌ "ചന്ദ്രോത്സവം". ഇതിന്റെ കാലം പതിനാറാംശതകം.അന്തഃസാരശൂന്യമായ നമ്പൂതിരിജീവിതം നന്നായി തെളിയുന്ന ഈ കൃതിയുടെ കർത്താവു്‌ ഒരു നമ്പൂതരിയെന്നതിനപ്പുറം മറ്റു്‌ വിവരമില്ല. മേദിനീവെണ്ണിലാവെന്ന ദേവദാസി നടത്തുന്ന ചന്ദ്രോത്സവത്തിനെത്തുന്ന നാടുവാഴികളെ ഇതിൽ വർണ്ണിക്കുന്നു. സുന്ദരമായ കാവ്യശൈലിയും വർണ്ണനകളും ഒത്തുചേർന്നതാണു്‌ ചന്ദ്രോത്സവം. നമ്പൂതിരിക്കവികളുടെ ദേവദാസീവർണനയേയും, ദേവദാസികളെ തേടിനടക്കുന്ന ദുഷ്പ്രഭുക്കളേയും കളിയാക്കുകകൂടി ഈ കവിയുടെ ലക്ഷ്യമായിരുന്നുവെന്നു്‌ ചിലവിമർശകർ കരുതുന്നു.

20-ദൂതവാക്യം ഗദ്യം.(ശതകം14)

ചാക്യാർ അഭിനയിക്കുന്ന സംസ്കൃതനാടക (വ്യായോഗം)മാണു്‌ ദൂതവാക്യം. ഇതിലെ ഗദ്യവും പദ്യവും മണിപ്രവാളഭാഷയിൽ വിവർത്തനം ചെയ്തു്‌ നടന്മാർക്കു്‌ വേണ്ട നിർദ്ദേശങ്ങളും അധികമായി ഉൾക്കൊളളിച്ചു. സംസ്കൃതസ്വാധീനമേറിയ നീണ്ട വാക്യം.

21-കണ്ണശ്ശകൃതികൾ. (ശതകം14.)

നിരണംകവികളെന്നും അറിയപ്പെടുന്നു. മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ,രാമപ്പണിക്കർ എന്ന് മൂന്നു്‌ കവികൾ പാട്ടുരീതിയുടെ കാലാനുസൃതമായവികാസം ഈകവിതകളിൽകാണാം. രാമചരിതത്തിൽ പാട്ടിനു്‌ ഉപയോഗിച്ച ,എതുക,മോന,വൃത്തവിശേഷം(ദ്രാവിഡവൃത്തം),അന്താദിപ്രാസം എന്നിവ കണ്ണശ്ശകൃതികളിലും ഉണ്ടു്‌. രാമചരിതത്തിൽ നിന്നുളള പ്രധാന വ്യത്യാസം, കണ്ണശ്ശകവിതകൾ"ദ്രമിഡസംഘാതക്ഷരനിബദ്ധമല്ല" എന്നുളളതാണു്‌.സംസ്കൃതപദങ്ങൾ തൽസമമായി ഉപയോഗിക്കുന്നു. തമിഴു്‌ ഭാഷാ സ്വാധീനം രാമചരിതത്തെ അപേക്ഷിച്ച്‌ വളരെ കുറവാണു്‌. ഭകതിപ്രധാനം.മണിപ്രവാളകൃതികളിൽ കാണുന്ന ശൃംഗാരം ഇതിലില്ല.

മാധവപ്പണിക്കർ ഭഗവദ്ഗീത സംക്ഷേപിച്ചു്‌ വിവർത്തനം ചെയ്തു.ഇന്ത്യൻ ഭാഷകളിൽ ഭഗവദ്ഗീതയ്ക്കു്‌ ആദ്യമായുണ്ടായ വിവർത്തനം ഇതാണു്‌.

ശങ്കരപ്പണിക്കർ എഴുതിയതാണു്‌, ഭാരതമാല.ഭാഗവതം ദശമസ്ക്കന്ധവു്ം മഹാഭാരതവും സംക്ഷേപിച്ചു്‌ വിവർത്തനം ചെയ്തതാണു്‌ ഈ കൃതി.

കണ്ണശ്ശകവികളിൽ പ്രമുഖൻ രാമപ്പണിക്കർ ആണു്‌. കണ്ണശ്ശരാമായണം, കണ്ണശ്ശഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവയാണു്‌, ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഭക്തിരസപ്രാധാന്യമുളള മനോഹരമായ കവിതകളാണിവ. എഴുത്തച്ഛനും മാർഗ്ഗദർശിയാണിദ്ദേഹം.

ഇദ്ദേഹത്തിന്റെ ഭാഗവതവും സ്വതന്ത്രമായ തർജ്ജിമയാണു്‌.

ഇതിൽ രണ്ടിൽ നിന്നും വ്യത്യസ്തമായി, ശൈവഭക്തനായ രാമപ്പണിക്കരെയാണു്‌ "ശിവരാത്രിമാഹാത്മ്യത്തിൽ " കാണുന്നതു്‌. രാമപ്പണിക്കരുടെ അമ്മാവന്മാരാണ് മാധവപ്പണിക്കരും(മലയൻകീഴു്‌) ശങ്കരപ്പണിക്കരും (വെളളാങ്ങല്ലൂർ). തിരുവല്ലയ്ക്ക് അടുത്തു്‌ നിരണത്തു്‌ കണ്ണശ്ശൻ പറമ്പിൽ കണ്ണശ്ശന്മാർക്കു്‌, സ്മാരകമുണ്ടു്‌.1981-ൽ ഉദ്ഘാടനം. ആഗസ്റ്റ് 30 കണ്ണശ്ശദിനമായി ആചരിക്കുന്നു

22-"കൃഷ്ണഗാഥ" (ശതകം15)

കൃഷ്ണഗാഥ എന്ന മലയാള കൃതിയാണു്‌ ഇക്കാലത്തെ മുഖ്യ കൃതി. കോലത്തുനാട്ടിലെ ഉദയവർമ്മയുടെ(1466-1475) ആശ്രിതനായ ചെറുശ്ശേരിനമ്പൂതിരിയാണു്‌ ഇതിന്റെ കർത്താവു്‌. ഉദയവർമ്മയുടെ നിർദ്ദേശാനുസരണം രചിച്ചകൃതിയാണിതെന്ന് ഐതീഹ്യം.

പാട്ടു്‌ രീതിയാണെങ്കിലും ലളിതമലയാളഭാഷയിലാണു്‌ ഇതിന്റെ രചന. മഞ്ജരി എന്ന മലയാളവൃത്തത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുളള കഥയാണു്‌ ഇതിവൃത്തമാക്കിയതു്‌.(ഭാഗവതംദശമസ്ക്ന്ധത്തിൽ നിന്നുമാണു്‌ കഥസ്വീകരിച്ചതു്‌.)

മഹാകാവ്യലക്ഷണങ്ങളനുസരിച്ചല്ലെങ്കിലും, ഇതു്‌ മലയാളത്തിലെ മഹാകാവ്യമാണു്‌. എല്ലാ ഋതുക്കളേയും കവിവർണിക്കുന്നു.

23-"15-ഉം 16-ഉം ശതകങ്ങളിലെ ചമ്പുക്കൾ".

പതിനഞ്ചും പതിനാറും ശതകങ്ങളിൽ , തമിഴു്‌ സ്വാധീനം അല്പം പോലുമില്ലാതെയും,എന്നാൽ സംസ്കൃതസ്വാധീനം അംഗീകരിക്കുകയുംചെയ്യുന്ന ചമ്പൂകാവ്യങ്ങളുണ്ടായി. മാനവിക്രമൻ സാമൂതിരിയുടെ (കോഴിക്കോട്) സദസ്യരിൽ അരക്കവിയായി അറിയപ്പെട്ട, പുനം നമ്പൂതിരിയുടെ(ശതകം15) "രാമായണം ചമ്പു", മഴമംഗലം നമ്പൂതിരിയുടെ (ശതകം16)"ഭാഷാനൈഷധം ചമ്പു" രാജരത്നാവലിയം ചമ്പു തടങ്ങിയവ. പ്രാചീനചമ്പുക്കളായ ഉണ്ണിയച്ചിചരിതം,(ശതകം13) ഉണ്ണിച്ചിരുതേവിചരിതം(ശതകം13) ,ഉണ്ണിയാടിചരിതം(ശതകം14). ഇവയിൽ കല്പിതകഥകളാണു്‌ വിഷയം. സ്ത്രീവർണ്ണനാപ്രധാനവും. എന്നാൽ രാമായണം ചമ്പു തുടങ്ങിയവ പുരാണകഥാപ്രധാനവും. ഇവ കൂത്തിനുപയോഗിച്ചിരുന്നു. പൊതുവേ എല്ലാചമ്പുക്കളിലും ഫലിതമയമായ ഒരു അന്തരീക്ഷം ഉണ്ടു്‌. കുഞ്ചൻ നമ്പിയാരെ ഇതു സ്വധീനിച്ചിരുന്നുവെന്നു്‌ വിശ്വസിക്കുന്നു.

24-ഭക്തികാവ്യങ്ങൾ-കിളിപ്പാട്ടുപ്രസ്ഥാനം.

കണ്ണശ്ശരിൽ പ്രത്യക്ഷമാകുന്ന ഭക്തി , എഴുത്തച്ഛനിലും (ശതകം16ഉം17ഉം) പൂന്താനത്തിലും (ശതകം17)അതിന്റെ പാരമ്യത്തിലെത്തുന്നു. ഭാഷാപരമായും കാവിതാപരമായും ഉന്നതകൃതികളാണു്‌ കിളിപ്പാട്ടു. കിളിവിവരിക്കുന്നരീതിയിലാണു്‌ പുരാണകൃതികൾ വിവർത്തനം ചെയ്യുന്നതു. സ്വതന്ത്രവിവർത്തനമാണു്‌. "ആധുനികമലയാളത്തിന്റെ പിതാവു്‌" എന്നു്‌ എഴുത്തച്ഛൻ അറിയപ്പെടുന്നു. ഭാഗവതംകിളിപ്പാട്ടു്‌ ,ഭാരതംകിളിപ്പാട്ടു്‌, അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്‌ , ഇരുപത്തിനാലുവൃത്തം,ചിന്താരത്നം തുടങ്ങിയവയാണു്‌ പ്രധാനകൃതികൾ.

25-പൂന്താനം കവി.

കാലം. 1547---1640(.ശതകം16-17) 9ഉം 10ഉം ശതകങ്ങളിലെ ആഴ്വാരന്മാരിലും നായനാരന്മാരിലും ഉൾപ്പെട്ട സിദ്ധന്മാരിലെ ഭക്തി നിറവു്‌ പൂന്താനംകവിതയിലും കാണാം. ശ്രീകൃഷ്ണകർണ്ണാമൃതം,ജ്ഞാനപ്പാന ,സന്താനഗോപാലം എന്നിവയാണു്‌ ഈ ഭക്തകവിയുടെ കൃതികൾ. ലളിതമലയാളത്തിലാണു്‌ രചന.നരജന്മത്തിന്റെ മഹത്വം , നരജന്മത്തിൽ നിറഞ്ഞുനില്ക്കുന്ന ശോകം, ശോകം ഇല്ലാതാക്കാനുളള മാർഗ്ഗം-ഇവയാണു്‌കവി ജ്ഞാനപ്പാനയിൽ വിവരിക്കുന്നതു്‌. ഭക്തി,ജ്ഞാനം,കർമ്മവിശുദ്ധി -ഇവയാണു്‌ ശോകം ഇല്ലാതാക്കാനായി കവി നിർദ്ദേശിച്ചിരിക്കുന്നതു്‌.

26-ആട്ടക്കഥാസാഹിത്യം.

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടമാണു്‌ ആദ്യത്തെ ആട്ടക്കഥ.പിൻപാട്ടുകാരുടെ പദങ്ങൾ അനുസരിച്ചു്‌ മുദ്രക്കൈകൊണ്ടു്‌ നടൻ ഭാവാഭിനയത്തിലൂടെ കാണികളെ കഥഗ്രഹിപ്പിക്കുന്നു. ഇത് ധ്വന്യാത്മകമാണു്‌. കോട്ടയംകേരളവർമ്മത്തമ്പുരാനാണു്‌ രമണീയമായ ഒരു ദൃശ്യകലയായി ഇത് രൂപപ്പെടുത്തിയതു്‌. ശ്ലോകത്തിൽ കഥാസന്ദർഭം വെളിപ്പെടുത്തുന്നു . കഥാപാത്രങ്ങളുടെ സംഭാഷണരൂപമായപദങ്ങളും ,താളമേളങ്ങളോടെ മുദ്രകൈ വഴി വെളിപ്പെടുത്തുന്നു. ഈ കലയുടെ സാഹിത്യരൂപമാണു്‌ ആട്ടക്കഥ. ' കഥകളിയിലെ വാദ്യങ്ങൾ ചെണ്ട,മദ്ദളം,ചേങ്ങില, ഇലത്താളം എന്നിവയാണു്‌. കഥകളിയിലെ ഹസ്തമുദ്രകൾക്കു്‌ അടിസ്ഥാനമായ ഗ്രന്ഥം "ഹസ്തലക്ഷണദീപിക"യാണു്‌ . കല്ലടിക്കോട്ടു്‌ നമ്പൂതിരി നൃത്തരീതിയിലും , കപ്ലിങ്ങാട്ടു്‌ നമ്പൂതിരി അഭിനയരീതിയിലും പരിഷ്കാരങ്ങൾ വരുത്തി. വളളത്തോൾ സ്ഥാപിച്ച ചെറുതുരുത്തിയിലെ "കേരളകലാമണ്ഡലം" , കഥകളി ശാസ്ത്രീയമായി പഠിപ്പിക്കുന്നു.

കോട്ടയം കേരളവർമ്മത്തമ്പുരാന്റെ ബകവധം ,കല്യാണസൗഗന്ധികം ,കിർമ്മീരവധം ,കാലകേയവധം എന്ന നാലു്‌ ആട്ടക്കഥകൾ പ്രസിദ്ധങ്ങളാണു്‌. സാഹിത്യഭംഗി, അഭിനയമികവു്‌ -ഇതുരണ്ടും ഒന്നുപോലെ യോജിച്ച കൃതികൾ വേറെയില്ല. പതിനെട്ടാംശതകത്തിലെ നളചരിതം മറ്റൊരു വിശിഷ്ട കൃതിയാണു്‌. ഉണ്ണായിവാര്യരാണു്‌ രചയിതാവു്‌. നാലുഭാഗങ്ങളുണ്ടു്‌. ഇതിവൃത്തവികാസം,നാടകീയത,പാത്രസൃഷ്ടി, രസാവിഷ്ക്കാരം, പഞ്ചസന്ധികളുടെ സന്നിവേശം,ഭാവരസങ്ങളുടെ അംഗാംഗിഭാവകല്പന എന്നിവയിൽ കാളിദാസശാകുന്തളത്തോടു്‌ തുല്യമാണിതു്‌. " മലയാളിയുടെ ശാകുന്തളം" എന്നു്‌ മുണ്ടശ്ശേരി നളചരിതത്തെ പ്രശംസിക്കുന്നു. മലയാളവും സംസ്കൃതവും യഥേഷ്ടം കൂട്ടിയിണക്കുന്നു. ഏ.ആർ.രാജരാജവർമ്മ "വെങ്കലഭാഷ"യെന്നു്‌ നളചരിതഭാഷയെ വിളിക്കുന്നു.ശബ്ദാർത്ഥസൗന്ദര്യത്തിൽ ശ്രദ്ധയുണ്ടു്‌.

"ധർമ്മരാജാ"യെന്നു്‌ പ്രസിദ്ധനായ തിരുവിതാംകൂർ രാജാവായ കാർത്തികതിരുനാൾ മൂന്നു ആട്ടക്കഥകൾ രചിച്ചു. രാജസൂയം ,നരകാസുരവധം ,സുഭദ്രാഹരണം എന്നിവ. മറ്റൊരു തിരുവിതാംകൂർ രാജാവായ അശ്വതിതിരുനാളും മൂന്നു്‌ കൃതികൾരചിച്ചിട്ടുണ്ടു്‌. അംബരീഷചരിതം ,പൂതനാമോക്ഷം, രുഗ്മിണിസ്വയംവരം. കഥകളിപ്രിയർക്കു്‌ ഇഷ്ടപ്പെട്ട കൃതികളാണിവ.

ഇരയിമ്മൻതമ്പിയാണു്‌ മറ്റൊരു ആട്ടക്കഥാകാരൻ.കാലം പത്തൊൻപതാംശതകം ആദ്യപകുതി. ഇദ്ദേഹം രചിച്ചകൃതികളും പ്രസിദ്ധങ്ങളാണു്‌.കീചകവധം,ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയാണു്‌ കൃതികൾ. കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ "രാവണവിജയം" അഭിനയ യോഗ്യമായ മറ്റൊരുകൃതി. പേരുപോലെ, രാവണനാണു്‌ നായകൻ.ഇതൊരു പ്രത്യേകതയാണു്‌. രാവണൻ നായകനാകുന്ന ഒരേയൊരു ആട്ടക്കഥ ! പന്നിശ്ശേരി നാണുപിള്ളയുടെ "നിഴൽക്കുത്തു്‌"പ്രസിദ്ധമായ ഒരാട്ടക്കഥയാണു്‌.

27-നമ്പ്യാരും തുളളൽപ്രസ്ഥാനവും.

മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജാവിന്റെയും സദസ്യനായിരുന്നു കുഞ്ചൻനമ്പ്യാർ. ഒരുനവീനകവിതാസരണിയ്ക്കു്‌ തുടക്കം. തുളളൽ പ്രസ്ഥാനം. നിലവിലിരുന്ന പടയണി,പലതരംനാടൻ തുളളലുകൾ ,കൂത്തു്‌ എന്നിവയുടെ സ്വാധീനം തുളളലിൽ കാണാം . തുളളൽക്കാരൻ തന്നെയാണു്‌ തുളളുന്നതും പാട്ടു്‌ പാടുന്നതും.പിന്നണിക്കാരൻ ആയ കൈമണിക്കാരൻ തുടർ പാട്ടു്‌ പാടുന്നു.വാദ്യത്തിനായി ഒരു മൃദംഗക്കാരനും ഉണ്ടു്‌. നിലവിളക്കിനു്‌ മുന്നിൽ അവതരിപ്പിക്കുന്നു. സംഗീതം,തുളളൽ എന്നിവ സാമാന്യേന ദ്രുതകാലത്തിലുളളതാണു്‌ "ഓട്ടൻ തുളളൽ" . അല്പംകൂടി പതിഞ്ഞമട്ടിലുളളതു്‌ ശീതങ്കൻ . മൂന്നിലും വച്ചു്‌ ഏറ്റവും പതിഞ്ഞതു്‌ പറയൻ തുളളൽ. വേഷത്തിലും അല്പാല്പം മാറ്റങ്ങളുണ്ടു്‌. നമ്പ്യാർ കിളളിക്കുറിശ്ശിമംഗലത്ത് ജനിച്ചു.അമ്പലപ്പുഴരാജാവിന്റെയും തുടർന്നു മാർത്താണ്ഡവർമ്മ,ധർമ്മരാജാവു്‌ എന്നിവരുടെയും സദസ്യനായി. കിളളിക്കുറിശ്ശിയിൽ കലക്കത്തു്‌ ഭവനം ,സർക്കാർ ദേശീയസ്മാരകമാക്കി(1975-ൽ) .ഏതാനുംകിലോമീറ്റർ അകലെ "ചൂലനൂർ" മയിൽ സംരക്ഷണകേന്രത്തിൽ നമ്പ്യാരുടെ ബഹുമാനാർത്ഥം ഒരു "സ്മൃതിവനവും" ഉണ്ടു്‌. അമ്പലപ്പുഴയിലും നമ്പ്യാർക്ക് ഒരു സ്മാരകമുണ്ടു്‌. മെയ് അഞ്ചു്‌ (5) കുഞ്ചൻ ദിനമായി ആചരിക്കുന്നു.

28-കവിത.

ജീവിതയാഥാർത്ഥ്യങ്ങൾ, ഫലിതപരിഹാസങ്ങളോടു്‌കൂടി, ചടുലവും മധുരവുമായ ഭാഷയിലൂടെ സാധാരണക്കാരുടെ മുന്നിൽ അവതരിപ്പിച്ചു. ഫലിതപരിഹാസങ്ങളിലൂടെ ഭരണകർത്താക്കളെയും പ്രഭുക്കളേയും നിശിതമായിവിമർശിച്ചു.സാമൂഹ്യപരിഷ്കരണമായിരുന്നു ലക്ഷ്യം. "കവിതചാട്ടവാറാക്കിയ കവി "എന്ന് നിരൂപകർ വിശേഷിപ്പിച്ചു.എല്ലാംകൊണ്ടും നമ്പ്യാർ മലയാളത്തിലെ "ജനകീയകവി"യായിരുന്നു.പുരാണകഥയിലെ കഥാപാത്രങ്ങളിലും ആചാരങ്ങളിലും ജീവിതരീതിയിലും നിഴലിക്കുന്ന കേരളിയത ശ്രദ്ധേയമാണു്‌. മൂന്നു്‌ തരംതുളളലുകളുണ്ടു്‌

ഓട്ടൻ, ശീതങ്കൻ,പറയൻ.

നമ്പ്യാർ കൃതികൾ

  • ഓട്ടൻ തുളളൽ :- സ്യമന്തകം , രുക്മിണിസ്വയംവരം,കിരാതം,ഘോഷയാത്ര, സന്താനഗോപാലം, സീതാസ്വയംവരം, തുടങ്ങയവ.
  • ശീതങ്കൻ തുളളലുകൾ :- "കല്യാണസൗഗന്ധികം (ആദ്യകൃതി); കൃഷ്ണലീല, ധ്രുവചരിതം,കാളിയമർദ്ദനം,സുന്ദോപസുന്ദോപാഖ്യാനം, ഹരിണിസ്വയംവരംതുടങ്ങിയവ.
  • പറയൻതുളളൽ:-സഭാപ്രവേശം,കീചകവധം ,ത്രിപുരദഹനം,ദക്ഷയാഗം തുടങ്ങിയവ.
  • നമ്പ്യാരുടെ മഹാകാവ്യം:-ശ്രീകൃഷ്ണചരിതം മണിപ്രവാളം.

Question1:- ദ്രാവിഡ ഭാഷാ ഗോത്രത്തിൽ പെട്ട ഭാഷകൾ ഏതെല്ലാം



കന്നഡ,തെലുങ്കു്‌,തമിഴു്‌,മലയാളം,തുളു.


Question2:-ദ്രാവിഡഭാഷകൾ പലതായി പിരിയുന്നതിനു്‌ മുൻപു്‌ ദക്ഷിണേന്ത്യമുഴുവൻ സംസാരിച്ചിരുന്ന പൂർവ്വഭാഷ ഏതു്‌?



ആദി(മൂല )ദ്രാവിഡ ഭാഷ അല്ലെങ്കിൽ പഴന്തമിഴു്‌.


Question3:- ആദി(മൂല)ദ്രാവിഡഭാഷയിൽ ദേശഭേദം, സംസ്കൃതസ്വാധീനം എന്നിവമൂലം ആദ്യം പിരിഞ്ഞ രണ്ടു്‌ ശാഖകൾ?



ഉത്തരദ്രാവിഡം, ദക്ഷിണദ്രാവിഡം


Question4:- ഉത്തരദ്രാവിഡം പിന്നീട് പിരിഞ്ഞുണ്ടായ ഭാഷകൾ ഏതു്‌?



കന്നഡ, തെലുങ്കു്‌.


Question5:-"തമിഴകം "ഏതു്‌ ഭൂവിഭാഗത്തിന്റെ പേരാണു്‌?



തിരുപ്പതിക്കും കന്യാകുമാരിക്കും ഇടയിൽ സമുദ്രപര്യന്തമുളള ഭൂവിഭാഗം.


Question6:-തമിഴകം ഏതു്‌ ഭരണകൂടത്തിനു്‌ കീഴിലായിരുന്നു?



ചേര, ചോള ,പാണ്ഡ്യ രാജാക്കൻമാരുടെ ഭരണം.


Question7:-തമിഴകം ഒന്നാകെ സംസാരിച്ച ഭാഷ ഏതാണു്‌?



ദേശഭേദങ്ങളോടുകൂടിയ "ദക്ഷിണദ്രാവിഡം" (ആദിദ്രാവിഡഭാഷ)


Question8:-സംഘകാലഘട്ടം ഏതെല്ലാം ശതകങ്ങളാണു്‌?



ക്രി.മു.രണ്ടാം ശതകം മുതൽ നാലാം ശതകാന്ത്യം വരെ


Question9:-എന്താണ് ചെന്തമിഴു്‌?



തമിഴകത്തെ സംഭാഷണഭാഷയായ കൊടുന്തമിഴു്‌ വ്യാകരണാദി നിയമങ്ങളാൽ പരിഷ്കരിച്ചുണ്ടാക്കിയ സാഹിത്യ ഭാഷ.


Question10:-ചെന്തമിഴു്‌ രൂപംകൊണ്ടതു്‌ ഏവിടെ?



മധുര.(സംഘകാലകവികളുടെ ആസ്ഥാനം )


Question11:-പ്രധാന സംഘകാലകൃതികൾ ഏവ?



പുറനാനൂറു്‌,അകനാനൂറു്‌, പതിറ്റുപ്പത്തു്‌,നറ്റിണൈ തുടങ്ങിയവ.


Question12:- ക്രിസ്തുവർഷാരംഭകാലത്തു്‌ തമിഴകത്തെ കവികൾ കവിതയെഴുതിയതു്‌ ഏതെല്ലാം ഭാഷകളിൽ?



ചെന്തമിഴു്‌ ,സംസ്കൃതം.


Question13:-ചേരരാജാക്കന്മാരെക്കുറിച്ചു്‌ തദ്ദേശിയരായ(മലനാട്ടു്‌)കവികൾ രചിച്ച കവിതകളുടെ ഒരു സമാഹാരം?



പതിറ്റുപ്പത്തു്‌.


Question14:- രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലം?



AD. 800--1102.


Question15:- ഒന്നാം ചേരരാജാക്കന്മാരെ ക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചത് ഏത്കൃതിയിൽനിന്നും?



പതിറ്റുപ്പത്തു്‌ തുടങ്ങിയ സംഘകാലകൃതികളിൽ നിന്ന്


Question16:-രണ്ടാം ചേരസാമ്രാജ്യസ്ഥാപകൻ?



കുലശേഖര ആഴ് വാർ.AD800-820.


Question17:-കുലശേഖര ആഴ്വാരുടെ കൃതികൾ?



പെരുമാൾ തിരുമൊഴി (ചെന്തമിഴു്‌) മുകുന്ദമാല. (സംസ്കൃതം.) . 【 തപതീസംവരണം, സുഭദ്രാധനഞ്ജയം,വിച്ഛിന്നാഭിഷേകം എന്നീ സംസ്കൃതനാടകങ്ങളും,ആശ്ചര്യമഞ്ജരിഎന്ന ഗദ്യഗ്രന്ഥവും കൂടി ഇദ്ദേഹത്തിന്റേതായികണക്കാക്കുന്നു.】


Question18:-രണ്ടാം ചേരസാമ്രാജ്യത്തിന്റെതലസ്ഥാനം?



മഹോദയപുരം.(ഇന്നത്തെ കൊടുങ്ങല്ലൂർ)


Question19:-കൊല്ലവർഷം ആരംഭിച്ചതെന്നു്‌?



AD. 825


Question20:-AD--825-ലെ ചേരഭരണാധികാരി?



രാജശേഖരവർമ്മ (ചേരമാൻപെരുമാൾ നായനാർ എന്ന ശൈവസിദ്ധനും ഇദ്ദേഹം തന്നെ)


Question21:-ആഴ്വാരന്മാരുടെയും നായാനാരന്മാരുടെയും ഭക്തിഗാനങ്ങളിലെ ഭാഷ?



ചെന്തമിഴു്‌.


Question22:- കുലശേഖരകാലത്തെ പ്രമുഖ തത്വചിന്തകൻ?



ശങ്കരാചാര്യർ.


Question23:- കൂത്തുംകൂടിയാട്ടവും പരിഷ്ക്കരിച്ചതു്‌ ഏതു്‌ ചേരരാജാവാണു്‌?



കുലശേഖര ആഴ് വാർ.


Question24:- കൂടിയാട്ടത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ എന്തു്‌.



വിദൂഷകനും മറ്റു്‌ കഥാപാത്രങ്ങളും മലയാളത്തിൽ(മലനാട്ടു്‌ തമിഴിൽ) സംസാരിക്കുക, നായകന്റെ സംസ്കൃത ശ്ലോകത്തിനു്‌ വിദൂഷകൻ മണിപ്രവാളത്തിൽ രസകരമായ പ്രതിശ്ലോകങ്ങൾചൊല്ലുക.


Question25:-"ആട്ടപ്രകാരം" എന്താണ്?



സംസ്കൃതനാടകങ്ങളാണു്‌ കൂടിയാട്ടത്തിനുപയോഗിച്ചതു്‌. ഓരോ നാടകവും രംഗത്തു്‌ മുദ്രകൾകാട്ടിനടന്മാർ അഭിനയിക്കണ്ടതെങ്ങനെയെന്നു്‌ നിർദ്ദേശങ്ങൾ നല്കാൻ രചിച്ച ഗ്രന്ഥങ്ങളാണു്‌ ആട്ടപ്രകാരം.


Question26:-"ക്രമദീപിക" എന്താണ്?



നടന്മാർ രംഗത്തു്‌ അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ ,വിദൂഷകന്റെ ചടങ്ങുകൾ എന്നിവ വിശദീകരിക്കുന്നു.,


Question27:- കൂത്തു്‌ എന്ന കല അവതരിപ്പിക്കുന്നതു്‌ ആരു്‌?



ചാക്യാർ.


Question28:-" കൂത്തു്‌ " എന്നകല എന്തെന്നു്‌ വിശദീകരിക്കുക



വിദൂഷകവേഷധാരിയായ ചാക്യാർ ഫലിതം പരിഹാസം എന്നിവ കലർത്തി നടത്തുന്ന പുരാണകഥാപ്രസംഗമാണു്‌ കൂത്തു്‌.


Question29:-കൂത്തിൽ ഉപയോഗിച്ചിരുന്ന വാദ്യങ്ങൾ?



മിഴാവും ഇലത്താളവും മാത്രമേ വാദ്യങ്ങളായുളളൂ.


Question30:- "കൂടിയാട്ടം" അവതരിപ്പിക്കുന്നതാരെല്ലാം?



ചാക്യാർ പുരുഷകഥാപാത്രത്തേയും "നങ്ങ്യാര്‌" സ്ത്രീകഥാപാത്രത്തേയും അവതരിപ്പിച്ചു. നമ്പ്യാർ മിഴാവു്‌ എന്ന വാദ്യം കൊട്ടുന്നു.


Question31:- "നങ്ങ്യാർ"എന്നതിന്റെ അർത്ഥം എന്താണു്‌.?



നമ്പ്യാർ എന്ന ജാതിയിലെ സ്ത്രീകളെയാണ് "നങ്ങ്യാർ" എന്ന് വിളിക്കുന്നതു്‌.


Question32:- പ്രാചീന കേരളത്തിലെ കലാവതരണത്തിൽ സ്ത്രീകൾക്കും സ്ഥാനം ലഭിച്ച ആദ്യ കലാരൂപം?



കൂടിയാട്ടം.


Question33:- ലോകപൈതൃകമായി യുനസ്കോ അംഗീകരിച്ച ഭാരതത്തിലെ ആദ്യ കലാരൂപം ?



കൂടിയാട്ടം.


Question34:- "കൂടിയാട്ടം " എന്നാൽ എന്ത്?



സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നീ നാലുവിധ അഭിനയങ്ങളെ കൂട്ടി ഇണക്കി, നൃത്തവാദ്യങ്ങളോടു്‌ കൂടി, ചാക്യാരും നങ്ങ്യാരും കൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണു്‌, "കൂടിയാട്ടം".


Question35:- അഭിനയത്തിന്റ അമ്മ എന്നു്‌ "കൂടിയാട്ടത്തെ" വിളിക്കുന്നതെന്തുകൊണ്ടു്‌?



അഭിനയത്തിനു്‌ നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ, "അഭിനയത്തിന്റെ അമ്മ" എന്നു്‌ കൂടിയാട്ടത്തെ വിളിക്കുന്നു


Question36:-ആധുനികകാലത്തെ മഹാനായ കൂടിയാട്ടകലാകാരൻ ആരു്‌?



പദ്മശ്രീ മാണി മാധവചാക്യാർ.


Question37:- "നാട്യകല്പദ്രുമം" ആരുടെ കൃതി?



പദ്മശ്രീ മാണി മാധവചാക്യാർ.


Question38:-1975-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ മാധവചാക്യാരുടെ , കൂടിയാട്ടത്തെ ക്കുറിച്ചുളള പഠന ഗ്രന്ഥം?



നാട്യകല്പദ്രുമം.


Question39:- പദ്മശ്രീ മാധവചാക്യാർക്ക്, "മാണി " എന്ന പേരു്‌ ചേർക്കുന്നതെന്തുകൊണ്ടു്‌?



രസാഭിനയത്തിനും വാചികാഭിനയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന, കൂത്തു്‌-കൂടിയാട്ടത്തിലെ " മാണി" സമ്പ്രദായത്തിലാണു്‌ അദ്ദേഹം അഭ്യസിച്ചതു്‌. അതാണു്‌ 'മാണി'മാധവചാക്യാർ എന്ന് വിളിക്കുന്നതു്‌. "


Question40:- "കഥകളിക്കു്‌ കണ്ണുകൾ നൽകിയ കലാകാരൻ" എന്നും, "ലോകത്തിലെ മഹാനായ "കണ്ണുകളുടെ മാന്ത്രികൻ" " എന്നും മാധവചാക്യാരെ പുകഴ്ത്തുന്നതെന്തുകൊണ്ടു്‌?



സാത്വികാഭിനയത്തിൽ കണ്ണുകൊണ്ടുളള അഭിനയത്തിനു്‌ ഏറ്റവും സമർത്ഥനായ നടനായതുകൊണ്ടു്‌.


Question41:- മാധവചാക്യാരുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പേരു്‌ എന്തു്‌?



"മാണി മാധവീയം".


Question42:-കൂടിയാട്ടം മലയാളഭാഷയ്ക്ക് നൽകിയ സംഭാവന എന്ത്?



മലയാളവും, മണിപ്രവാളവും സാഹിത്യത്തിൽ ഉപയോഗിച്ചുതുടങ്ങി. സാഹിത്യഭാഷയായി അംഗീകാരം നേടാനുളള തുടക്കം.അതുവരെ സാഹിത്യഭാഷ തമിഴും സംസ്കൃതവും ആയിരുന്നു. മലയാളം സംഭാഷണഭാഷയും.


Question43:- "അർത്ഥശാസ്ത്രം " എന്ന സംസ്കൃതകൃതിയുടെ കർത്താവു്‌?



കൗടല്യൻ.(വിഷ്ണുഗുപ്തൻ)


Question44:- അർത്ഥശാസ്ത്രത്തിനു്‌, ഭാരതീയ പ്രാദേശികഭാഷകളിലുണ്ടായ ആദ്യത്തെ വ്യാഖ്യാനം ( വിവർത്തനം) ഏതു്‌ ഗ്രന്ഥമാണു്‌?



ഭാഷാകൗടലീയം.


Question45:-ഭാഷാകൗടലീയം ഏതു്‌ ഭാഷയിലാണു്‌ എഴുതിയതു്‌?



തമിഴു്‌ ചുവയുളള മലനാട്ടു്‌ ഭാഷയിൽ.(പഴയ മലയാളം)


Question46:- "ഭാഷാകൗടലീയം" എഴുതിയ കാലം?.



പന്ത്രണ്ടാംശതകം.


Question47:- "ഭാഷാകൗടലീയം" ഒരു കേരളപണ്ഡിതന്റെ രചനയാകാം എന്നു്‌ ഉളളൂർ സംശയിച്ചതെന്തുകൊണ്ടു്‌?



പൈതൃകസ്വത്തിനു്‌ അവകാശി മരുമകനാണെന്ന തർജ്ജിമ.മരുമക്കത്തായം നിലനിന്നതു്‌ മലനാട്ടിലാണെല്ലോ.


Question48:-രാമചരിതം ഏതു്‌ പ്രസ്ഥാനത്തിലെ കൃതിയാണു്‌?.



പാട്ടു്‌.


Question49:-രാമചരിത്തിന്റെ കാലം?



പന്ത്രണ്ടാംശതകം.


Question50:- രാമചരിതത്തിന്റെ കർത്താവു്‌?



ചീരാമൻ.(ശ്രീരാമൻ എന്നതിന്റെ തത്ഭവമാണെന്നു്‌ കരുതുന്നു.)


Question51:-രാമചരിതത്തിലെ ഇതിവൃത്തം?



"ഇരാമചരിതത്തിലൊരുതെല്ലു്‌ ഊഴിയിൽചെറിയവർക്കു്‌ " അറിയാനായി യുദ്ധകാണ്ഡത്തിനു്‌ പ്രാധാന്യം കൊടുത്തു്‌ രാമായണകഥ വർണ്ണിക്കുന്നു.


Question52:-"ഇരാമചരിതം" മലയാളത്തിലെ "ആദ്യകൃതി"യെന്നു്‌ ആദ്യം സൂചിപ്പിച്ചതാരു്‌?



ഹെർമ്മൻ ഗുണ്ടർട്ടു്‌.


Question53:- ഏതു്‌ ഗ്രന്ഥത്തിലാണു്‌ ഗുണ്ടർട്ടു്‌ "ഇരാമചരിതം" ഭാഷയിലെ ആദ്യകൃതിയെന്നു്‌ സൂചിപ്പിക്കുന്നത്?



മലയാളനിഘണ്ടുവിന്റെ മുഖവുരയിൽ.(1872-ൽ.)


Question54:- രാമചരിത്തിന്റെ ആദ്യത്തെ 30 പടലങ്ങൾ ആരാണാദ്യംപ്രസിദ്ധീകരിച്ചതു്‌.?



ഉള്ളൂർ.


Question55:-"രാമചരിതം ഉളളൂർ ആദ്യം പ്രസിദ്ധീകരിച്ചതു്‌ എവിടെ?



"പ്രാചീനമലയാളമാതൃകകൾ "എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തു്‌.(1917-ൽ)


Question56:-"രാമചരിതം ഒരു വിമർശനാത്മക പഠനം" എന്ന രാമചരിതത്തിന്റെ പഠനം ആരുടെ കൃതിയാണു്‌.?



പ്രൊഫ.പി.വി.കൃഷ്ണൻ നായർ.


Question57:- രാമചരിതത്തിന്റെ വട്ടെഴുത്തിലുളള പകർപ്പു്‌ ഉത്തരകേരളത്തിൽ എവിടെനിന്നാണു്‌ കണ്ടുകിട്ടിയതു്‌?



നീലേശ്വരം (കാസർകോടു്‌ ജില്ലാ)


Question58:- രാമചരിതകാരനെ (ചീരാമനെ) മലയാളത്തിന്റെ "ചോസർ" എന്നു്‌ വിശേഷിപ്പിച്ചതാരു്‌? എവിടെ?



ഉള്ളൂർ ; കേരളസാഹിത്യചരിത്രം ഭാഗം ഒന്നു്‌.


Question59:-"കൈരളീപദ്യസാഹിത്യത്തിലെ പ്രഭാതനക്ഷത്രം" എന്നു്‌ രാമചരിതകാരനെ വിളിച്ചതാരു്‌?എവിടെ?



പ്രൊഫ. പി.വി.കൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ "രാമചരിതം ഒരു വിമർശനാത്മകപഠനം" എന്ന ഗ്രന്ഥത്തിൽ.


Question60:- മലനാട്ടുകാർ സംഘകാല ചെന്തമിഴിൽ എഴുതിയ കൃതികൾക്കുദാഹരണം?



പതിറ്റുപ്പത്തു്‌.


Question61:-ശൈവസിദ്ധന്മാരുടെ ഭക്തിസാന്ദ്രമായ ചെന്തമിഴു്‌ പാട്ടുകൾ ഏതുപേരിലാണറിയപ്പെട്ടതു്‌?.



തേവാരങ്ങൾ.


Question62:-വൈഷ്ണവഭക്തന്മാരുടെ ഭക്തികാവ്യങ്ങൾ ഏതുപേരിൽ അറിയപ്പട്ടു?



തിരുമൊഴികൾ.


Question63:- രാമചരിതം ഏതു്‌കവിതകളുടെ മാതൃകയിൽ രചിച്ചതാണു്‌?



പതിറ്റുപ്പത്തു്‌, തേവാരങ്ങൾ,തിരുമൊഴികൾ.


Question64:- രാമചരിതത്തിൽ എത്രപരിച്ഛദങ്ങൾ ഉണ്ടു്‌?



164.


Question65:- ഒരുപരിച്ഛേദത്തിൽ പ്രായേണ എത്ര പടലങ്ങൾ വീതംഉണ്ടു്‌.?



പതിനൊന്നു്‌.


Question66:-രാമചരിതത്തിലെ ഭാഷ "മിശ്രഭാഷയാണെന്നു്‌ " ചിലർ പറഞ്ഞതെന്തുകൊണ്ടു്‌?



തമിഴിലാണ് എഴുതിയതെങ്കിലും ,രാമചരിതത്തിൽ മലനാട്ടുഭാഷാ പ്രയോഗങ്ങളും പദങ്ങളും കലർന്നിരുന്നതു്‌ കൊണ്ടു്‌.


Question67:-രാമചരിതത്തിലെ ഭാഷ സാഹിത്യ ഭാഷയോ ?



ചെന്തമിഴു്‌ പാരമ്പര്യത്തിൽ , എഴുതിയകൃതിയിൽ കാലഭേദംകൊണ്ടുളള മലനാട്ടു്‌ഭാഷാസ്വാധീനത്തോ ടെയുളള സാഹിത്യഭാഷയാണു്‌ രാമചരിതത്തിൽകാണുന്നതു്‌.


Question68:-രാമചരിതഭാഷയെക്കുറിച്ചു്‌ ഉള്ളൂരിന്റെ അഭിപ്രായം?



അതെഴുതിയ കാലത്തു്‌ മലയാളം പാട്ടിനുപയോഗിച്ചിരുന്ന "സാഹിത്യഭാഷ".(സാഹിത്യഭാഷയാണു്‌, സംഭാഷണഭാഷയല്ല. ഈരൂപത്തിൽ ആരും അന്നു്‌ സംസാരിച്ചിരുന്നില്ല. "തമിഴു്‌പാട്ടി"ൽ അക്കാലത്തു്‌ സംഭാഷണഭാഷയായ മലയാളം കൂടതൽ കടന്ന് കൂടുകയും തമിഴുമല്ല,മലയാളവുമല്ല എന്നനിലയിൽ എത്തി. പിൽക്കാലത്തു്‌ കണ്ണശ്ശനിൽ തമിഴു്‌ സ്വാധീനം കുറഞ്ഞു്‌ മലയാള ഭാഷാ സ്വാധീനം കൂടിയതുകൊണ്ടു്‌, രാമചരിതഭാഷയുടെ കാലാനുസൃതമായ വികാസമാണിതെന്നു്‌ കരുതാം.. ഈ വസ്തുതയാണു്‌ ഉള്ളൂർ ചൂണ്ടിക്കാട്ടിയതു്‌.).


Question69:- "പാട്ടു്‌ "എന്ന സാഹിത്യരൂപത്തിന്റെ ലക്ഷണം ആദ്യമായി നിർവ്വചിച്ച കൃതി?



ലീലാതിലകം


Question70:- എന്താണു്‌ പാട്ടിന്റെ ലക്ഷണം?



തമിഴക്ഷരമാലകൊണ്ടു്‌ എഴുതാവുന്നതും, എതുക,മോന എന്നീ ശബ്ദാലങ്കാരങ്ങളുളളതും, സംസ്കൃതവൃത്തങ്ങളിൽനിന്നും വ്ത്യസ്തമായ ,ദ്രാവിഡവൃത്തങ്ങളിൽ എഴുതുന്ന കവിത. പ്രായേണ ചെന്തമിഴു്‌ സാദൃശ്യം കൂടുതലായിരിക്കുമെന്നും ലീലാതിലകത്തിൽ തുടർന്നു്‌ പറയുന്നു.


Question71:-"എതുക" എന്നാൽ എന്തു്‌?



എല്ലാ പാദങ്ങളിലും ദ്വിതിയാക്ഷരപ്രാസം പാലിക്കുന്നതു്‌.


Question72:-"മോന" യെന്നാൽ എന്ത്?



ഓരോപാദത്തിന്റെയും പൂർവഭാഗത്തിനും ഉത്തരഭാഗത്തിനും ആദ്യാക്ഷരത്തിനു്‌ സാജാത്യം ഉണ്ടാകണം. ഇതാണു്‌ "മോന."


Question73:- ലീലാതിലകത്തിൽ എടുത്തുപറയാത്ത, പാട്ടിന്റെ ഒരുപ്രത്യേകത എന്ത്?



അന്താദിപ്രാസം.(ഒരു പാട്ടിന്റെ അവസാന വാക്കു്‌ കൊണ്ടു്‌ , അടുത്ത പാട്ടു്‌ ആരംഭിക്കുക എന്ന രീതി)


Question74:-തമിഴക്ഷരമാലയിലെ അക്ഷരങ്ങൾ ഏവ?



അ,ഇ,ഉ,എ,ഒ എന്നീസ്വരങ്ങളും അവയുടെദീർഘങ്ങളും,ഐ,ഔ എന്നിവയുംകൂടി 12സ്വരങ്ങൾ.ക,ങ,ച,ഞ,ട,ണ,ത,ന,പ,മ യ,ര,ല,വ,ള,ഴ,റ,ന(നനയുന്നു-എന്നതിലെ രണ്ടാമത്തെ "ന" കാരത്തിന്റെ ഉച്ചാരണം) എന്ന്18 വ്യഞ്ജനങ്ങൾ.(മൊത്തം30അക്ഷരം)


Question75:- ഏറ്റവും പ്രാചീനമായ മലയാള ലിപി.?



വട്ടെഴുത്തു്‌.


Question76:-"നാനംമോനം" എന്നറിയപ്പെടുന്ന ലിപി ?



വട്ടെഴുത്തു്‌.


Question77:-കാലക്രമേണ വട്ടെഴുത്തിനു്‌ രൂപാന്തിരം പ്രാപിച്ചുണ്ടായ ലിപിയേതു്‌?



കോലെഴുത്തു്‌.


Question78:-സംസ്കൃതവും പ്രാകൃതവും എഴുതാൻ ബ്രാഹ്മണർ ദക്ഷിണ ഭാരതത്തിൽ ഉപയോഗിച്ചിരുന്ന "ലിപി"യേതു്‌?



ഗ്രന്ഥലിപി.


Question79:- ഗ്രന്ഥലിപിയെ "ആര്യയെഴുത്തു്‌" എന്നു്‌ വിളിച്ചിരുന്നതെന്തുകൊണ്ടു്‌?



ബ്രാഹ്മണർ ഉപയോഗച്ചിരുന്നതുകൊണ്ടു്‌.


Question80:-മലയാളലിപിയായി മാറിയതു്‌ ഏതു ലിപി?



ഗ്രന്ഥലിപി.


Question81:-ലീലാതിലകം എന്ന സംസ്കൃതഗ്രന്ഥത്തിന്റെ കാലം?



പതിനാലാംശതകം.


Question82:- ഏതുതരംഗ്രന്ഥമാണു്‌ "ലീലാതിലകം"



"മണിപ്രവാളം" എന്ന സാഹിത്യഭാഷയുടെ ഭഷാശാസ്ത്രവും ഒപ്പം അലങ്കാരശാസ്ത്രവുമാണു്.


Question83:- " മണിപ്രവാളം" "സംഭാഷണഭാഷയോ " അതോ " സാഹിത്യഭാഷയോ?



സാഹിത്യഭാഷ.

വിശദീകരണം.---(സാഹിത്യകൃതികൾ രചിക്കാനായി മാത്രം ഉപയോഗിക്കുന്ന ഭാഷയാണു്‌, "സാഹിത്യഭാഷ". പഴയകാലത്തു്‌ സംഭാഷണഭാഷയും സാഹിത്യഭാഷയും വ്യത്യസ്ത മായിരുന്നു. രാമചരിതഭാഷയും മണിപ്രവാളവും - രണ്ടും ,രണ്ടു്‌ തരം സാഹിത്യഭാഷകളാണു്‌. രണ്ടും അക്കാലത്തെ സംഭാഷണഭാഷയല്ല.ഇതു കൊണ്ടാണു്‌, "അതുണ്ടായകാലത്തു്‌ , മലയാളംപാട്ടിനു്‌ ഉപയോഗിച്ചിരുന്ന "സാഹിത്യഭാഷ"യിലാണു്‌ രാമചരിതം എഴുതിയതു്‌ എന്നു്‌ ഉള്ളൂർ അഭിപ്രായപ്പെട്ടതു്‌.)



Question84:- ലീലാതിലകം നിർദ്ദേശിക്കുന്ന മണിപ്രവാളലക്ഷണം എന്തു്‌?



മലയാളഭാഷയും സംസ്കൃതവും സഹൃദയർക്കു്‌ രസിക്കും വിധം ചേർത്തു്‌ പ്രയോഗിക്കുന്നതു്‌. മലയാളപദങ്ങൾ കൂടുന്നതും, മലയാളപദങ്ങളിൽ സംസ്കൃതപ്രത്യങ്ങൾ ചേർക്കുന്നതും അനുവദിക്കുന്നു.സംസ്കൃതവിഭക്ത്യന്തപദങ്ങൾ ഉണ്ടാവണം. പ്രായേണ രസാലങ്കാരാദികൾ ഉണ്ടാവണം. (ഇതുകൊണ്ടു്‌ സാഹിത്യഭാഷയാണെന്നു്‌വ്യക്തം).


Question85:-"മണിപ്രവാളം" എന്നതിലെ പദങ്ങൾ അർത്ഥമാക്കുന്നതു്‌ എന്തു്‌?



" മണി"യെന്നതു്‌ "മാണിക്യം" എന്ന രത്നം ആണു്‌ . മണി (അല്ലെങ്കിൽ മാണിക്യം) മലയാളഭാഷയെ സൂചിപ്പിക്കുന്നു. " പ്രവാളം" എന്നതു്‌ "പവിഴം" എന്ന രത്നമാണു്‌. ഇതു്‌ സംസ്കൃതത്തെ സൂചിപ്പിക്കുന്നു.


Question86:- " മണിപ്രവാളം" എന്നപ്രയോഗത്തിന്റെ ഭംഗിഎന്തു്‌?



മണി (മാണിക്യം)യും പ്രവാള(പവിഴ)വും ചെമന്ന നിറമുളള രത്നങ്ങളാണു്‌. ഇവ ഒരു നൂലിൽ ഇടവിട്ടു്‌ കോർത്താൽ , നിറത്തിലുള്ള സാദൃശ്യത്താൽ , മണിയേതു്‌, പ്രവാളമേതു്‌ എന്നു്‌ തിരിച്ചറിയാൻ കഴിയാത്തവിധം യോജിക്കുന്നു. ഇതുപോലെ ഭാഷയും(മലയാളവും) സംസ്കൃതവും ഒന്നുചേർന്നു്‌ മലയാളമെന്ന പ്രതീതിഉണ്ടാക്കുന്നു.


Question87:-മലയാളത്തെ പിച്ചിപ്പൂവായും, സംസ്കൃതത്തെ ചെങ്ങഴിപ്പൂവായും കല്പിക്കുന്ന വരികൾ ലീലാതിലകം അംഗീകരിക്കുന്നുണ്ടോ?



ഇല്ല. തമിഴിൽ മണിക്കു്‌ മുത്തു്‌ എന്നർത്ഥമുണ്ടു്‌. ഇതാണു്‌ തെറ്റിദ്ധാരണ ഉണ്ടാക്കിയതു്‌. മണിപ്രവാളം എന്നതു്‌കൊണ്ടു്‌, മലയാളമാകുന്ന പിച്ചകപ്പൂവും, സംസ്കൃതമാകുന്ന "ചെങ്ങഴിപ്പൂവും" ചേരുമ്പോഴുളള വർണ്ണശബളിമയാണു്‌ ഉദ്ദേശിക്കുന്നതുകൊണ്ടു്‌ ലീലാതിലകം ആ കല്പന തളളിക്കളയുന്നു. (വർണ്ണശബളിമയല്ല ,വർണ്ണൈക്യമാണു്‌ " ലീലാതിലകകാരൻ " ലക്ഷ്യമാക്കുന്നതു്‌.)


Question88:- ലീലാതിലകത്തിലെ "ഭാഷാസംസ്കൃതയോഗോ" എന്നപ്രയോഗത്തിലെ" "യോഗ"എന്നതിന്റെ അർത്ഥം എന്തു്‌?



ഭാഷാസംസ്കൃതങ്ങളുടെ "ചേർച്ച", അതും കാവ്യരസികൻമാരെ രസിപ്പിക്കും വിധമുളള ചേർച്ച. രസാലങ്കാരങ്ങളുടെ ഉചിതമായപ്രയോഗത്തോടെയുളള ഭാഷാസംസ്കൃതങ്ങളുടെ ചേർച്ചയാണു്‌ ഉദ്ദേശിക്കുന്നതു്‌.


Question89:-മലയാളഭാഷയും തമിഴും രണ്ടു്‌ വ്യത്യസ്തഭാഷകളാണു്‌ എന്നു്‌ ആദ്യം ചൂണ്ടിക്കാണിച്ചതാരു്‌?



ലീലാതിലകകാരൻ.


Question90:-നമ്പ്യാന്തമിഴു്‌ എന്തുകൊണ്ടാണു്‌ മണിപ്രവാളം ആകാത്തതു്‌?



സഹൃദയരെ രസിപ്പിക്കും വിധമുളള , രസാലങ്കാരങ്ങളോടെയുളള, ഭാഷാസംസ്കൃതയോഗം ഉണ്ടെങ്കിലും, നമ്പ്യാംതമിഴിൽ സംസ്കൃതവിഭക്ത്യന്തപദങ്ങൾ ഉപയോഗിക്കുന്നില്ല, മറിച്ചു്‌, സംസ്കൃതവിഭക്തിപ്രത്യയങ്ങൾ ചേർക്കാത്ത ,സംസ്കൃതപദങ്ങൾ മാത്രമേ ഉപയോഗിക്കുന്നുളളൂ. മണിപ്രവാളം ആകാത്തതിന്റെ കാരണം ഇതാണു്‌.


Question91:-"ആലത്തൂർമണിപ്രവാള"ത്തിൽ രസാലങ്കാരാദികളില്ലെങ്കിലും , സഹദയരെ രസിപ്പിക്കുന്നില്ലെങ്കിലും അതു്‌ മണിപ്രവാളമാകുന്നതെന്തു കൊണ്ടു്‌?



സംസ്കൃതവിഭക്ത്യന്തപദങ്ങളുംഭാ ഷാപദങ്ങളുംചേർക്കുന്നതുകൊണ്ടു്‌, അതു്‌ മണിപ്രവാളമാണു്‌.. രസാലങ്കാരാദികൾ നിർബന്ധ മായും വേണമെന്നില്ല. മണിപ്രവാളം ഉത്തമം അധമം എന്നിങ്ങനെ തിരിക്കുന്നതു്‌ രസാലങ്കാരാദികളുടെ കുറവനുസരിച്ചാണു്‌.


Question92:-ഭാഷാപ്രാധാന്യം മണിപ്രവാളത്തിൽ പ്രധാനമാണു്‌-വിവരിക്കുക.



സംസ്കൃതപദങ്ങളേക്കാൾ മലയാളഭാഷാപദങ്ങൾ കൂടുന്നതാണു്‌ ലീലാതിലകം ഇഷ്ടപ്പടുന്നതു്‌. മലയാളഭാഷാപദങ്ങളോടു്‌ സംസ്കൃതവിഭക്തിപ്രത്യയങ്ങൾ ചേർക്കുന്നതും, മലയാളക്രിയകൾക്കു്‌ സംസ്കൃതക്രിയകളുടെ രൂപഭേദം വരുത്തുന്നതും ലീലാതിലകം അംഗീകരിക്കുന്നു. "ഭാഷയേറിവരുന്ന നല്ല മണിപ്രവാള" മാണു്‌ ലക്ഷ്യം.


Question93:- മണിപ്രവാളഭാഷ ആദ്യമായി കാണുന്നതെവിടെ?



കൂടിയാട്ടപരിഷ്കരണത്തെത്തുടർന്നു്‌ ,ആട്ടപ്രകാരത്തിലും, ക്രമദീപികയിലും മണിപ്രവാളം ഉപയോഗിച്ചു്‌തുടങ്ങി.


Question94:- ലീലാതിലകകാരൻ സൂചിപ്പിക്കുന്ന " ഉത്തമ മണിപ്രവാളത്തിനു്‌ " ഉദാഹരിക്കാവുന്ന ആദ്യ കൃതി ഏത്?



വൈശികതന്ത്രം